solar

മലപ്പുറം: തരിശുഭൂമിയിൽ സോളാർ പാനൽ സ്ഥാപിച്ച് കർഷകർക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതിയുമായി കെഎസ്.ഇ.ബി. ആദ്യഘട്ടത്തിൽ 10 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം. രണ്ടേക്കർ തരിശ് ഭൂമിയുള്ളവർക്ക് 500 കിലോവാട്ടിന്റെയും പത്തേക്കറുള്ളവർക്ക് രണ്ട് മെഗാവാട്ടിന്റെയും സോളാർ പാനൽ സ്വന്തം ചെലവിലോ കെ.എസ്.ഇ.ബിയുടെ ചെലവിലോ സ്ഥാപിക്കാം.

500 കിലോവാട്ടിന്റെ സോളാർ നിലയം സ്ഥാപിക്കാൻ രണ്ടേകാൽ കോടിയോളം ചെലവാകും. ഒരുയൂണിറ്റ് വൈദ്യുതിക്ക് 3.50 രൂപ നിരക്കിൽ 25 വർഷത്തേക്ക് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങിക്കും. പ്രതിമാസം 2.15 ലക്ഷം രൂപ കർഷകർക്ക് ലഭിക്കും. കർഷകർക്കോ​ കൂട്ടായ്മകൾക്കോ ​ സഹകരണ സംഘങ്ങൾക്കോ പദ്ധതിയുടെ ഭാഗമാവാം. സോളാർ സ്ഥാപിക്കാൻ സബ്‌സിഡിയുണ്ടാവില്ല. കെ.എസ്.ഇ.ബിക്ക് ഭൂമി പാട്ടത്തിന് നൽകിയാൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് 10 പൈസ നിരക്കിൽ പ്രതിഫലം ലഭിക്കും. ഒരേക്കറിൽ നിന്ന് വർഷം 30,​000 രൂപയെങ്കിലും കർഷകന് ലഭിക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ. കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് പദ്ധതി. ആദ്യത്തെ അഞ്ചുവർഷം ഉത്പാദിപ്പിക്കുന്ന ഓരോ യൂണിറ്റിനും 40 പൈസ നിരക്കിൽ കേന്ദ്രസഹായം കെ.എസ്.ഇ.ബിക്ക് ലഭിക്കും. ഒരു മെഗാവാട്ടിന് പരമാവധി 33 ലക്ഷം രൂപയും.

അപേക്ഷിക്കേണ്ടതിങ്ങനെ
കെ.എസ്.ഇ.ബി വെബ്സൈറ്റിലെ പി.എം കുസും എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. സമയപരിധി നിശ്ചയിച്ചിട്ടില്ല. ഏപ്രിലിൽ ടെൻഡർ‌ വിളിച്ച് ഒക്ടോബറോടെ സോളാർ പാനലുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

നടപടികളിങ്ങനെ

 കർഷകരുടെ ഉടമസ്ഥതയിലുള്ള ഭൂമിയായിരിക്കണം. ഇക്കാര്യം റവന്യൂ,​ കൃഷി വകുപ്പുകളുമായി ബന്ധപ്പെട്ട് ഉറപ്പാക്കും.

 ഭൂമിയുടെ വിസ്തൃതി,​ അടുത്തുള്ള ഇലക്ട്രിസിറ്റി കൺസ്യൂമ‌ർ നമ്പർ എന്നിവ അപേക്ഷയിൽ നൽകണം.

 കെ.എസ്.ഇ.ബി അധികൃതർ സ്ഥലം സന്ദർശിച്ച് സോളാർപാനലിന് അനുയോജ്യമാണോയെന്ന് പരിശോധിക്കും.

വെറുതെ കിടക്കുന്ന ഭൂമിയിലൂടെ കർഷകന് അധികവരുമാനം ഉറപ്പാക്കാനാവും.

മധുലാൽ, കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എൻജിനീയർ