മലപ്പുറം: കൊറോണ വൈറസ്ബാധിത രാജ്യങ്ങളിൽ നിന്നെത്തി പ്രത്യേക നിരീക്ഷണത്തിലായിരുന്ന 42 പേർക്കു രോഗബാധയില്ലെന്നു ആരോഗ്യ വകുപ്പു സ്ഥിരീകരിച്ചു. 44 പേരുടെ സാമ്പിളുകളാണ് രണ്ടു ഘട്ടങ്ങളിലായുള്ള വിദഗ്ദ്ധ പരിശോധനയ്ക്കയച്ചത്. ഇതിൽ രണ്ടുപേരുടെ പരിശോധനാ ഫലം മാത്രമാണ് ലഭിക്കാനുള്ളത്. വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ച 17 പേരെ ഇന്നലെ നിരീക്ഷണത്തിൽ നിന്നൊഴിവാക്കി. രോഗബാധിത സ്ഥലങ്ങളിൽ നിന്നെത്തിയവരടക്കം 444 പേർക്കാണ് ജില്ലയിൽ ഇതുവരെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയത്. 191 പേരെയാണ് ആശുപത്രികളിലെയും വീടുകളിലെയും നിരീക്ഷണത്തിൽ നിന്നൊഴിവാക്കിയത്. ജില്ലയിലിപ്പോൾ 253 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതിൽ ഒരാൾ മാത്രമാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലുള്ളത്. 252 പേർ വീടുകളിൽ പ്രത്യേക നിരീക്ഷണത്തിലും കഴിയുന്നു.