sajeer
സി.പി. സുഷീജ് എന്ന സജീർ മുഹമ്മദ്


പെരിന്തൽമണ്ണ: സ്ഥാപനത്തിൽ ജോലിയും കമ്പനിയുടെ ലാഭവിഹിതവും നൽകാമെന്ന് വിശ്വസിപ്പിച്ച് കണ്ണൂർ സ്വദേശിയുടെ 12.85 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് ചോഴിമഠത്തിൽ പാതിരാട്ട് സി.പി. സുഷീജ് എന്ന സജീർ മുഹമ്മദിനെയാണ് (38) പെരിന്തൽമണ്ണ എസ്.ഐ. മഞ്ജിത്ത് ലാൽ അറസ്റ്റുചെയ്തത്.
കണ്ണൂർ തില്ലങ്കരി സ്വദേശി പി.കെ. ബിജിത്ത് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. 2015 ജൂൺ മാസത്തിലായിരുന്നു സംഭവം. പെരിന്തൽമണ്ണ ചെറുകരയിൽ പ്രതിയുടെ നേതൃത്വത്തിൽ ടിപ്സ് ഇന്ത്യ എന്ന സ്ഥാപനം തുടങ്ങിയിരുന്നു. ഓഹരി നിക്ഷേപം നടത്തുന്നവർക്ക് ലാഭവിഹിതം വാഗ്ദാനം നൽകി പലരിൽ നിന്നും നിക്ഷേപം സ്വീകരിച്ചു. കമ്പനിയിൽ ബിജിത്തും പണം നിക്ഷേപിച്ചിരുന്നു. മൂന്നുമാസം കഴിഞ്ഞിട്ടും ജോലിയോ ലാഭവിഹിതമോ നൽകാഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒളിവിൽ പോയ പ്രതി എറണാകുളം കോലഞ്ചേരിയിലുണ്ടെന്ന് വിവരം ലഭിച്ചു. എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.