vvvv
കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് വിമാനസർവീസ് ആരംഭിക്കുന്ന എയർ ഇന്ത്യയുടെ ജംബോ ബോയിംഗ് വിമാനത്തെ സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും കുശലം പറയുന്നു

മലപ്പുറം: കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് വിമാനസർവീസ് ആരംഭിക്കുന്ന എയർ ഇന്ത്യയുടെ ജംബോ ബോയിംഗ് വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തിൽ സ്വീകരണം നൽകി. ആദ്യ വിമാനത്തിലെ ക്യാപ്റ്റൻ എൻ.എസ്.യാദവിനും യാത്രക്കാർക്കും ജീവനക്കാർക്കും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ജിദ്ദയിൽ നിന്ന് രാവിലെ 7.05ന് കരിപ്പൂരിലെത്തിയ വിമാനത്തെ റൺവേയിൽ വിമാനത്താവള അതോറിറ്റി വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. അഞ്ചുവർഷത്തെ കാത്തിരിപ്പിനു ശേഷമാണ് എയർ ഇന്ത്യയുടെ ജംബോ ബോയിംഗ് വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു സർവീസ് പുനരാരംഭിച്ചത്.

423 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ജിദ്ദ സർവീസിനായി ഉപയോഗിക്കുന്നത്. 20 ടൺവരെ കാർഗോ കയറ്റുമതിക്കും സൗകര്യമുണ്ട്. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൾ വഹാബ്, എം.കെ. രാഘവൻ, വിമാനത്താവള ഡയറക്ടർ എ. ശ്രീനിവാസ റാവു, എയർ ഇന്ത്യ സോണൽ ജനറൽ മാനേജർ ഭുവനാ റാവു എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ താളവാദ്യങ്ങളും സ്വീകരണത്തിനു മാറ്റു പകർന്നു.

സമയക്രമമിങ്ങനെ

ജിദ്ദയിൽ നിന്ന് ഞായർ, വെളളി ദിവസങ്ങളിൽ രാത്രി 11.15ന് പുറപ്പെടുന്ന വിമാനം തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ 7.05ന് കരിപ്പൂരിലെത്തും.

ഇതേ ദിവസങ്ങളിൽ വൈകിട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.15ന് വിമാനം ജിദ്ദയിലെത്തും.

കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. കൺവെയർ ബെൽറ്റ്, കസ്റ്റംസ് കൗണ്ടറുകൾ എന്നിവയുടെ കുറവ് നികത്താൻ വ്യോമയാന വകുപ്പ് ഇടപെടൽ നടത്തി വരികയാണ്.

കേന്ദ്രമന്ത്രി വി.മുരളീധരൻ