ggggg

തിരൂർ: ചെമ്പ്ര പരന്നേക്കാട്ട് ഒമ്പതു വർഷത്തിനിടെ ഒരു വീട്ടിലെ ആറു കുട്ടികൾ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ മരിച്ച,​ 93 ദിവസം പ്രായമായ ആറാമത്തെ കുട്ടിയുടെ മൃതദേഹം തിരൂർ കോരങ്ങത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമാവും തുടരന്വേഷണം സംബന്ധിച്ച പൊലീസ് തീരുമാനം..

പരന്നേക്കാട്ട് തറമ്മൽ റഫീഖ്- സബ്ന ദമ്പതികളുടെ ആറ് മക്കളാണ് ഒമ്പത് വർഷത്തിനിടെ മരിച്ചത്. ദമ്പതിമാർക്ക് വേറെ കുട്ടികളില്ല. മരിച്ചവരിൽ നാലുപേർ പെൺകുട്ടികളും രണ്ടുപേർ ആൺകുട്ടികളുമാണ്. അഞ്ചുപേരും ഒരു വയസ് പൂർത്തിയാകും മുമ്പ് മരിച്ചു. നാലാമതു ജനിച്ച പെൺകുട്ടി മാത്രമാണ് നാലര വയസുവരെ ജീവിച്ചത്. എട്ടുമാസം,​ രണ്ടുമാസം,​ 40 ദിവസം,​ നാലര വയസ്,​ മൂന്നുമാസം,​ മൂന്നുമാസം എന്നിങ്ങനെയാണ് യഥാക്രമം ഓരോ കുട്ടികളും ജീവിച്ചത്. എല്ലാ കുട്ടികളും മരിച്ചത് രാത്രിയാണ്.

ഇന്നലെ മരിച്ച ആൺകുട്ടിയുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ വച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം തലവൻ ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. ഇതിൽ അസ്വാഭാവികത കണ്ടെത്തിയാലേ കൂടുതൽ മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കൂ എന്നാണ് സൂചന.

ആറാമത്തെ കുഞ്ഞിന് ഇന്നലെ പുലർച്ചെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണമുണ്ടായത്. വീട്ടിൽ തിരിച്ചെത്തിച്ച മൃതദേഹം രാവിലെ തന്നെ കബറടക്കി. കബറടക്കത്തിൽ അനാവശ്യ തിടുക്കം കാണിച്ചെന്ന നാട്ടുകാരിൽ ചിലരുടെ സംശയമാണ് വിവാദമുണ്ടാക്കിയത്. രഹസ്യവിവരം ലഭിച്ച പൊലീസ് ബന്ധുവായ ഒരാളുടെ മൊഴി രേഖപ്പെടുത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടർന്ന് ദമ്പതികളുമായി സംസാരിച്ചു. തങ്ങൾക്ക് പരാതിയില്ലെന്ന് ദമ്പതികൾ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ തുടർനടപടികളുടെ ഭാഗമായാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത് .

ദുരൂഹതയില്ലെന്ന് ബന്ധുക്കൾ

മരണത്തിൽ ദുരൂഹതയില്ലെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും റഫീഖിന്റെ ബന്ധുക്കൾ പ്രതികരിച്ചു. മൂന്നാമത്തെ കുട്ടി മരിച്ച സമയത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് വീട്ടുകാർ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഹൈദരാബാദിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ ജനിതക വൈകല്യമാണ് മരണകാരണമെന്നാണ് തെളിഞ്ഞത്. ഇതിന്റെ സർട്ടിഫിക്കറ്റും ദമ്പതികളുടെ പക്കലുണ്ട്.

വിശദമായി അന്വേഷിക്കും

തിരൂരിലെ ആറ് കുട്ടികളുടെ മരണം സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷിക്കുമെന്ന് എസ്.പി. യു. അബ്ദുൾ കരീം പറഞ്ഞു..അന്വേഷണത്തിലൂടെ മാത്രമേ മറ്റ് കാര്യങ്ങൾ പുറത്ത് വരൂ. വീട്ടിൽ തുടർച്ചയായി മരണങ്ങളുണ്ടായതോടെ ജനങ്ങൾ സംശയം പ്രകടിപ്പിച്ചതിനാലാണ് പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചത്. സംഭവത്തിൽ ബന്ധുവിന്റെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. മരണം സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് എസ്.പി പറഞ്ഞു.