തിരൂർ: തിരൂരിൽ ഒരുവീട്ടിലെ ആറു കുട്ടികൾ ഒമ്പതു വർഷത്തിനിടെ മരിച്ചതിന് പിന്നിൽ സഡൻ ഇൻഫാന്റ് ഡെത്ത് സിൻഡ്രോം (സിഡ്സ്) എന്ന അപൂർവ ജനിതക രോഗമെന്ന സംശയമുന്നയിച്ച് കുട്ടികളെ ആദ്യം ചികിത്സിച്ച തിരൂരിലെ ശിശുരോഗ വിദഗ്ദ്ധൻ ഡോ. കെ നൗഷാദ്. തറമ്മൽ റഫീഖ് -സബ്ന ദമ്പതികളുടെ ആറു മക്കളാണ് പല കാലങ്ങളിലായി മരിച്ചത്.
93 ദിവസം പ്രായമുള്ള ആൺകുട്ടി കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് സംഭവം പൊതുശ്രദ്ധയിലെത്തിയത്. മരണത്തിൽ ദുരൂഹതയുയർന്നതിനെ തുടർന്ന് ആറാമത്തെ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയ പശ്ചാത്തലത്തിലാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ. ഇൻക്വസ്റ്റിലും പോസ്റ്റുമോർട്ടത്തിലും കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ശരീരത്തിൽ മുറിവേറ്റതിന്റെയോ ക്ഷതമേറ്റതിന്റെയോ ലക്ഷണങ്ങളില്ല. വിഷം ഉള്ളിൽ ചെന്ന ലക്ഷണങ്ങളും കണ്ടെത്താനായില്ല. തിരൂർ ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയുടെ ആന്തരികാവയവങ്ങളുടെ വിശദ പരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്. റിപ്പോർട്ട് നാലു ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം. ഇതോടെ കുട്ടികളുടെ മരണത്തിലെ ദുരൂഹത മാറും. കുട്ടികൾ മരിച്ചത് ജനിതക പ്രശ്നങ്ങൾ മൂലമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്നാമത്തെ കുട്ടിയെ ചികിത്സിച്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പൊലീസിന് ലഭിച്ചതും സമാനമായ വിവരമാണെന്നാണ് സൂചന.
മക്കളുടെ മരണകാരണം കണ്ടെത്താൻ ഏറെ ശ്രമിച്ചിട്ടുണ്ട്. മൂന്നാമത്തെ കുട്ടിക്ക് ചെറിയ അസുഖം വന്നതോടെ എറണാകുളത്തെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ പരിശോധന നടത്തി. പീന്നീട് ഹൈദരാബാദിലും ന്യൂഡൽഹിയിലുമുള്ള ലാബുകളിൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.കുട്ടികളുടെ പിതാവ്
അസ്വാഭാവികതകളൊന്നും ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം കിട്ടേണ്ടതുണ്ട്.
യു. അബ്ദുൾ കരീം, ജില്ലാ പൊലീസ് മേധാവി