kkkk

തിരൂർ: തിരുനാവായയിൽ പാടത്ത് കൃഷിപ്പണിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തിരുനാവായ സ്വദേശി കുറ്റിയത്ത് വേണുവിന്റെ മകൻ സുധികുമാറാണ് (43) മരിച്ചത്. സൂര്യാതപമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ പലയിടത്തും പൊള്ളലേറ്റ് കരുവാളിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് ഡി.എം.ഒ ഡോ. കെ. സക്കീന പറഞ്ഞു.

കർഷക കൂട്ടായ്മയിൽ വിളയിച്ച നെൽകൃഷി കഴിഞ്ഞ ദിവസം യന്ത്രമുപയോഗിച്ച് കൊയ്തതിന്റെ അവശേഷിപ്പ് ഇന്നലെ കൊയ്‌തെടുക്കുന്നതിനിടെയാണ് മരണം. വയലിന്റെ മറുഭാഗത്ത് ജോലിയിലേർപ്പെട്ട സഹകർഷകർ ഫോൺ ചെയ്‌തപ്പോൾ എടുക്കാത്തതിനെ തുടർന്ന് ഉച്ചയ്ക്ക് 12ഓടെ ചെന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തിരുനാവായയിലെ ആട്ടോ ഡ്രൈവറുമാണ് സുധികുമാർ.

അമ്മ: പാർവതി. ഭാര്യ: ബീന. മക്കൾ: അഭിജിത്ത്, ആർദ്ര, അനുശ്രീ. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.