നിലമ്പൂർ: മൂന്നര കോടിയിലധികം രൂപ ചെലവിൽ നിലമ്പൂരിൽ നിർമ്മിച്ച കെ.എസ്.ആർ.ടി.സി നിലമ്പൂർ സ്റ്റാന്റിനുള്ളിലെ ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തനം ആരംഭിക്കാനുളള നടപടികളാവുന്നു. നടത്തിപ്പിനായി 15 വർഷത്തേക്ക് പാട്ടക്കരാർ വ്യവസ്ഥയിൽ നിലമ്പൂരിലെ സഹകരണ കൺസോഷ്യം കമ്പനി കോംപ്ലക്സ് ലേലത്തിലെടുത്തു. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് ലേല തുക ഉറപ്പിച്ചിട്ടുളളത്. അന്തിമ തീരുമാനമായിട്ടില്ലെങ്കിലും നടപടിക്ക് അംഗീകാരം നൽകാനാണ് ബോർഡിന്റെ തീരുമാനം.
തമിഴ്നാട്ടിലെ ബസ് ദുരന്തവുമായി ബന്ധപ്പെട്ട് ബോർഡിന്റെ മറ്റു യോഗങ്ങൾ മാറ്റിവെച്ചതിനാലാണ് ഉറപ്പിക്കൽ വൈകിയത്. രണ്ട് ഭാഗങ്ങളിലായി രണ്ടും, മൂന്നും നിലകളുള്ള ഷോപ്പിംഗ് കോംപ്ലക്സിന് 16,125 സ്ക്വയർ ഫീറ്റ് വ്യാപ്തിയുണ്ട്. 40 ഓളം ഷട്ടറിട്ട റൂമുകളുണ്ട്. വിശാലമായ ഹാളും പാർക്കിംഗ് സൗകര്യമുൾപ്പടെയുള്ള കോംപ്ലക്സ് ഏറെ ആകർഷണീയമായാണ് രൂപകൽപ്പന ചെയ്തിട്ടു ള്ളത്. 2015 ൽ പൂർത്തീകരിച്ച കെട്ടിടം പലതവണ പാട്ടകരാർ വ്യവസ്ഥയിൽ ലേലത്തിന് വെച്ചിരുന്നെങ്കിലും ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. മൂന്ന് കോടിയോളം രൂപയാണ് കെ.എസ്.ആർ.ടി.സി ലേല തുകയായി വെച്ചിരുന്നത്. ഇത് അധികരിച്ച തുകയായതിനാലാണ് ലേലം കൊള്ളൽ വൈകിയത്. ഷോപ്പിംഗ് കോംപ്ലക്സ്, ഷോപ്പുകൾ എന്നിവ ഒറ്റ യൂണിറ്റായാണ് ലേലത്തിന് വെച്ചത്. ഒറ്റ യൂണിറ്റായി ലേലം കൊണ്ടതിനാൽ കെ.എസ്.ആർ.ടി.സിക്ക് ഓഫീസ് പ്രവർത്തിക്കാൻ സ്ഥലം നൽകുന്ന കാര്യം ടെണ്ടറിൽ പറഞ്ഞിട്ടില്ലെന്നും, ഇത് അനുവദിക്കാനാവില്ലെന്നും കാണിച്ച് ലേലം കൊണ്ടവർ രേഖാമൂലം ബോർഡിന് കത്ത് എഴുതിയിട്ടുണ്ട്.