പെരിന്തൽമണ്ണ: നാഡി വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളുടെ നിർണ്ണയം, പ്രതിരോധം, ചികിത്സ, ശസ്ത്രക്രിയകളിലെ സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന ന്യൂറോളജി വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനം 'എസ്സെൻസ് 2020 ' പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. കൈരളി ന്യൂറോ സയൻസസ് സൊസൈറ്റിയാണ് രണ്ട് ദിവസത്തെ സമ്മേളനത്തിന്റെ സംഘാടകർ. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ന്യൂറോളജി രോഗങ്ങളും വൈകല്യങ്ങളും നേരിടാൻ അത്യന്താധുനിക രോഗനിർണ്ണയ ചികിത്സാ സാങ്കേതികവിദ്യകൾ സംസ്ഥാനത്തുണ്ട്. എന്നാൽ, ശാസ്ത്ര സാങ്കേതിക പുരോഗതിയും, വിദഗ്ദ്ധരുടെ സേവനവും എല്ലാ ജനങ്ങൾക്കും ലഭ്യമാക്കേണ്ടതുണ്ട്. ചികിത്സാ സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ സാധാരണക്കാരിൽ എത്തിച്ചേരാൻ സമഗ്ര പദ്ധതികൾ ആവശ്യമാണെന്ന് ഡോ.കെ. മോഹനൻ പറഞ്ഞു. നാഡീ പേശി രോഗവ്യാപനം സംബന്ധിച്ച കണക്കുകൾപെരിന്തൽമണ്ണ ഇ.എം.എസ് മെമ്മോറിയൽ കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററിലെ ന്യൂറോസർജനും ഓർഗനൈസിംഗ് ചെയർമാനുമായ ഡോ. ജയകൃഷ്ണൻ എ.വി അവതരിപ്പിച്ചു. കൈരളി ന്യൂറോ സയൻസസ് സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ ചീഫ് ന്യൂറോസർജൻ ഡോ. ജ്ഞാനദാസ് സ്ഥാനമേറ്റു.