മലപ്പുറം: കൊറോണ വൈറസ്ബാധ ആഗോള വെല്ലുവിളിയായിരിക്കെ ജില്ലയിൽ ആശങ്കയകലുന്നു. വീടുകളിൽ കഴിയുന്ന ആറുപേർ മാത്രമാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ച 79 പേരെ ഇന്നലെ പ്രത്യേക നിരീക്ഷണത്തിൽനിന്നു ഒഴിവാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഇന്നലെ ഒരാൾക്ക് വീട്ടിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തി യവരടക്കം 472 പേർക്കാണ് ഇതുവരെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നത്. ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിരുന്ന 46 പേരെയും വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു നിരീക്ഷണത്തിൽ നിന്നു ഒഴിവാക്കി. ഇതുവരെ പരിശോധനക്കയച്ച സാമ്പിളുകളിൽ ആർക്കും രോഗബാധയില്ലെന്നു സ്ഥിരീകരിച്ചു.
രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവർക്കും അവരുമായി നേരിട്ടു സമ്പർക്കത്തിലേർപ്പെട്ടവർക്കുമാണ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുന്നത്. ഇവർക്കു പ്രത്യേക കൗൺസലിംഗും ആരോഗ്യ പരിചരണവും തുടരുകയാണ്. കൊറോണ ആശങ്കയകലുമ്പോഴും ആരോഗ്യ ജാഗ്രത തുടരണമെന്നു ജില്ലാതല കൺട്രോൾ സെൽ വ്യക്തമാക്കി.
യാത്രകൾ ഒഴിവാക്കണം
വൈറസ് ബാധിത രാജ്യങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. വിവിധ ലോക രാജ്യങ്ങളിൽ രോഗബാധ ഭീഷണിയായി തുടരുമ്പോൾ പൊതുജനങ്ങൾ ആരോഗ്യ ജാഗ്രത പാലിക്കണം. ജില്ലയിൽ തുടരുന്ന മുൻകരുതൽ പ്രവർത്തനങ്ങൾ കൊറോണ പ്രതിരോധ മുഖ്യ സമിതി വിലയിരുത്തി.