thattukada
അങ്ങാടിപ്പുറം കോഴിക്കോട് റോഡിൽ അടുത്തിടെ തുടങ്ങിയ തട്ടുകട

പെരിന്തൽമണ്ണ: വേനൽ കടുത്തതിന് പിന്നാലെ ജില്ലയിൽ ജലജന്യ രോഗങ്ങൾ വർദ്ധിക്കുമ്പോഴും അനധികൃത തട്ടുകടകൾക്കെതിരെ നടപടി എടുക്കാതെ അധികൃതർ. ലൈസൻസ്, വൈദ്യുതി ബിൽ, വാടക ഇവയൊന്നും ബാധിക്കുന്നില്ലെന്നതിനാൽ അനുദിനം ഇത്തരം കടകൾ പെരുകുകയാണ്. പുത്തനങ്ങാടിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഒരു ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. സമീപത്തെ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചവരായിരുന്നു ഇവർ. വിവിധ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം, ചിക്കൻപോക്സും വ്യാപകമായിരിക്കുകയാണ്. ഇത്തരം തട്ടുകടകളിൽ നൽകുന്ന കുടി വെള്ളം ആവശ്യാനുസരണം തിളപ്പിക്കാതെയാണ് നൽകുന്നത്. മാത്രവുമല്ല ടാങ്കറിലും മറ്റു വാഹനങ്ങളിലുമായി എത്തിക്കുന്ന വെള്ളം പാചകത്തിനും, കുടിക്കുവാനും ഉപയോഗിക്കുവാൻ കഴിയുന്നതാണോ എന്ന് യാതൊരു പരിശോധനയും നടക്കുന്നില്ല. മറ്റ് കടകൾക്ക് അതാത് പഞ്ചായത്തുകളിൽ ലൈസൻസ് പുതുക്കുവാൻ എത്തുമ്പോഴെങ്കിലും വെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റും, ജോലിക്കാരുടെയും മറ്റും ആരോഗ്യ റിപ്പോർട്ടും ഹാജരാക്കേണ്ടതുണ്ട്. കൂടാതെ ആരോഗ്യ വകുപ്പ് അധികൃതരുടെ നിരന്തര പരിശോധനയും ഇവർക്ക് മേൽ ഉണ്ടാവും. എന്നാൽ ഇവയൊന്നും പേടിക്കാതെ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയോ, വെള്ളമോ ഒന്നും പരിശോധിക്കപെടാതെ പ്രവർത്തിക്കുന്ന കടകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് മൂലം പലവിധ അസുഖങ്ങളും പരക്കുവാനും പിടിപെടുവാനും സാധ്യത കൂടുന്നു.

എങ്ങനെ കഴിക്കുമിത്

വൈകുന്നേരത്തോടെ പ്രവർത്തനം ആരംഭിക്കുന്ന ഇത്തരം കടകളിൽ ആരോഗ്യ വകുപ്പിന്റെ കാര്യമായ പരിശോധന ഉണ്ടാകാറില്ല. എണ്ണ പലഹാരങ്ങളും, വറുത്ത ഇറച്ചി വിഭവങ്ങളും ഭക്ഷിക്കാൻ ധാരാളം പേർ എത്തും. ഇവർ ഉപയോഗിക്കുന്ന എണ്ണയും മറ്റും ആരും ശ്രദ്ധിക്കാറുമില്ല. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിച്ച് പാകം ചെയ്യുന്ന ഇക്കൂട്ടർ ജനങ്ങളെ ഹൃദ്രോഗികളുമാക്കുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കും രോഗങ്ങൾക്കും ഉറവിടമായ ഇത്തരം തട്ടുകടൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും, പരിശോധനകൾ ശക്തമാക്കണമെന്നുമാണ് പൊതുജന താത്പര്യം. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം അടുത്തതോടെ ഈ പരിസര പ്രദേശത്തെ വിവിധ റോഡ് അരുകിലും ഇത്തരം അനധികൃത കടകൾ പെരുകി കൊണ്ടിരിക്കുകയാണ്. ആരോഗ്യ വകുപ്പ് അധികൃതരും, പഞ്ചായത്തും കാര്യക്ഷമമായി ഈ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ പല പകർച്ചവ്യാധികളും ജനങ്ങൾക്ക് പിടിപെടും എന്ന കാര്യത്തിൽ സംശയമില്ല.