moorkanad
ജി.പി.എസ് സഹായത്തോടെ മക്കരപ്പറമ്പയിൽ മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ സർവേയും ഇൻവെസ്റ്റിഗേഷനും നടത്തിയപ്പോൾ

പെരിന്തൽമണ്ണ: മൂർക്കനാട് കുടിവെള്ള പദ്ധതി മങ്കട മണ്ഡലത്തിലെ മുഴുവൻ ഭാഗങ്ങളിലേക്കും വിപുലീകരിക്കുന്നതിന് 63 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള സർവേയും ഇൻവെസ്റ്റിഗേഷനും മക്കരപ്പറമ്പ് പഞ്ചായത്തിൽ ആരംഭിച്ചതായി ടി.എ അഹമ്മദ് കബീർ എം.എൽ.എ അറിയിച്ചു. പാലക്കാട് ക്രൗൺ ഈഗ്ൾ കമ്പനിയാണ് സർവ്വേ ഏറ്റെടുത്ത് നടത്തുന്നത്. പഞ്ചായത്തിലെ എല്ലാ റോഡുകളുടെയും വീതി, ഉയരം, തുടങ്ങിയവയാണ് പ്രധാനമായും രേഖപ്പെടുത്തുന്നത്. സർവ്വേ നടപടികൾക്ക് മാത്രമായി 24 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.

രണ്ട് പതിറ്റാണ്ട് കാലം മുമ്പ് തുടങ്ങിയ മൂർക്കനാട് കുടിവെള്ള പദ്ധതിയിപ്പോൾ പൂർത്തീകരണത്തിന്റെ ഘട്ടത്തിലാണ്. ഉദ്ഘാടന സമയത്ത് തന്നെ ഭാഗികമായി കുടിവെള്ള വിതരണത്തിന് മാത്രമേ സാധിച്ചിരുന്നുള്ളു. പദ്ധതി വിഹിതത്തിൽ കൂട്ടിലങ്ങാടി, മങ്കട പഞ്ചായത്തുകളിൽ വിതരണ ശൃംഖല ഇല്ലായിരുന്നു. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ നീട്ടുന്നതിന് ബജറ്റിൽ ഫണ്ട് നീക്കിവെക്കാൻ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സർക്കാർ
റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 63 കോടി രൂപയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ അനുമതി നൽകിയത്. ഇത് സംബന്ധിച്ച് ജൂൺ 22 ന് എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സർവ്വേ നടപടികൾക്കുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു. മങ്കട പഞ്ചായത്തിൽ ഇരുപത് ദിവസത്തോളമെടുത്താണ് സർവ്വേ നടപടികൾ പൂർത്തിയാക്കിയത്. മൂർക്കനാട് പഞ്ചായത്തിലെ തൂതപുഴയിലെ കീഴ്മുറി കടവ് മൂതിക്കയം റെഗുലേറ്റർ കംബ്രിഡ്ജിന് 63 കോടി രൂപ അനുവദിച്ചതോടെ മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ ജല സ്രോതസ്സ് നിലനിർത്തുന്നതിന് സഹായകമാകും.

പൈപ്പ് സ്ഥാപിക്കൽ അന്തിമഘട്ടത്തിൽ

കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട്, കുറുവ പഞ്ചായത്തുകളിൽ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കോടി രൂപയോളം നീക്കിവെച്ച് വീടുകളിലേക്ക് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രക്രിയ പൂർത്തീകരണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. കുറുവ, പുഴക്കാട്ടിരി, മൂർക്കനാട്, മക്കരപ്പറമ്പ്, മങ്കട, കൂട്ടിലങ്ങാടി പഞ്ചായത്തുകളിൽ കുടിവെള്ള, ശൃംഖലയുടെ മെയിൻ ലൈയിൻ സ്ഥാപിച്ച് വെള്ളമെത്തി.

ഗാർഹിക കണക്ഷനുകൾക്കുള്ള അപേക്ഷകൾ ധാരാളം വരുന്നുണ്ട്. മൂർക്കനാട് കുടിവെള്ള പദ്ധതിയിൽ ഇതുവരെ ആറ് പഞ്ചായത്തുകളിലായി 5,903 വീടുകളിൽ വെള്ളം എത്തി. സർവ്വേ നടപടികൾ വേഗത്തിലാക്കി അപേക്ഷകർക്ക് വെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കും.

ടി.എ. അഹമ്മദ് കബീർ എം.എൽ.എ