thondi
മേലാറ്റൂർ പൊലിസ് സ്റ്റേഷനിൽ കൂട്ടിയിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങൾ

മേലാറ്റൂർ: മേലാറ്റൂർ പൊലീസ് സ്റ്റേഷൻ വളപ്പ് തൊണ്ടി വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു. വിവിധ കേസുകളിലായി പൊലിസ് പിടിച്ചെടുത്ത നൂറുകണക്കിന് തൊണ്ടി വാഹനങ്ങളാണ് സ്റ്റേഷൻ വളപ്പിൽ കൂട്ടിയിട്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം വാഹനങ്ങളും അനധികൃതമായി മണൽ കടത്തിയതിനെതുടർന്നു പിടിച്ചെടുത്തവയാണ്. ടിപ്പർ, ജീപ്പ്, കാർ, ഓട്ടോറിക്ഷ, ബൈക്കുകൾ തുടങ്ങി നൂറിലധികം വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ഇതിൽ പലതും മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് നശിച്ചിട്ടുമുണ്ട്.
ലേല നടപടികൾ വൈകുന്നതാണെന്നാണ് ഇത്തരത്തിൽ വാഹനങ്ങൾ കുമിഞ്ഞു കൂടാൻ കാരണമെന്നാണ് വിവരം. റവന്യൂവകുപ്പിന്റെ നിയമ നൂലാമാലകളാണ് ലേല നടപടികൾ വൈകാൻ ഇടയാക്കുന്നുണ്ട്. ഏതാനും ചില വാഹനങ്ങളുടെ ലേല നടപടികൾ ഉടനെ ഉണ്ടാകുമെന്നും അവകളുടെ കണക്കെടുപ്പ് നടത്തിയതായും മേലാറ്റൂർ പൊലിസ് പറയുന്നുണ്ടെങ്കിലും ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്ന് നിശ്ചയമില്ല.

ഇഴ ജന്തുക്കളുടെ ശല്യം
ഈ ഭാഗങ്ങൾ കാട്പിടിച്ച് കിടക്കുന്നതിനാൽ പരിസരവാസികൾക്കും ടൗണിലെ ഓട്ടോ ടാക്സി ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ടാണുള്ളത്. തെരുവുനായകളുടെയും ഇഴജന്തുക്കളുടെയും ആവാസ കേന്ദ്രമായി ഇവിടം മാറിയിരിക്കുന്നു. ഈ വാഹനങ്ങൾ ലേല നടപടികൾ പൂർത്തിയാക്കി ഇവിടെ നിന്നും നീക്കം ചെയ്ത് ജനങ്ങളുടെ ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.