perinthalmanna
പെരിന്തൽമണ്ണ ഗവ: ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുള്ള ശിലാസ്ഥാപന കർമ്മം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ നിർവ്വഹിക്കുന്നു.

പെരിന്തൽമണ്ണ: നഗരസഭ രജത ജൂബിലി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഗവ. ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുള്ള ശിലാസ്ഥാപന കർമ്മം മന്ത്രി ഡോ.കെ.ടി ജലീൽ നിർവഹിച്ചു. 1959ൽ ആരംഭിച്ച പെരിന്തൽമണ്ണ ഗവ.ആയുർവേദ ആശുപത്രി ആയുർവേദ ചികിത്സാരംഗത്ത് പെരിന്തൽമണ്ണ താലൂക്കിലെ തന്നെ നിരവധി പേർ ആശ്രയിക്കുന്ന ഒന്നാണ്. ജൂബിലി റോഡിലെ നിലവിലുള്ള കെട്ടിടം കാലപ്പഴക്കം കൊണ്ടും, രോഗികളെ ഉൾക്കൊള്ളാൻ കഴിയാതെയും ഇനിയൊരു നവീകരണം സാദ്ധ്യമാവാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ്ചോലോം കുന്നിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള അര ഏക്കർ സ്ഥലത്ത് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

നഗരസഭയുടെ നാലാം വാർഷികം പ്രമാണിച്ച് പ്രസിദ്ധീകരിക്കുന്ന വികസന സപ്ലിമെന്റിന്റെ പ്രകാശനവും ഭൂരഹിതരായ 400 കുടുംബങ്ങൾക്ക് ഭവന സമുച്ചയം നിർമ്മിക്കുന്നതിലേക്ക് കമ്പനികളും, വ്യക്തികളും നൽകുന്ന സംഭാവന ഏറ്റുവാങ്ങലും ചടങ്ങിൽ മന്ത്രി നിർവ്വഹിച്ചു. പി.ടി ഗ്രൂപ്പ് ചെയർമാൻ പി.ടി അൻവർ, അൽശിഫ ചെയർമാൻ ഡോ.ഉണ്ണീൻ ഹാജി, പാർക്കോ ഗ്രൂപ്പ് ചെയർമാൻ പാറക്കോട്ടിൽ ഉണ്ണി, മൗലാന ഹോസ്പിറ്റൽ ജനറൽ മാനേജർ രാമദാസ്, സഫാ ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് ഹനീഫ, തറയിൽ ഗ്രൂപ്പ് മാനേജർ നൗഷാദ്, പി എം ഫിഷ് ഡയറക്ടർ എന്നിവരിൽ നിന്നുമാണ് ഫണ്ട് സ്വീകരിച്ചത്. നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലിം അധ്യക്ഷനായ ചടങ്ങിൽ ഡി.എം.ഒ ഐ.എസ്.എം ഡോ: കെ സുശീല ബേബി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപെഴ്സൺ നിഷി അനിൽ രാജ്, മുനിസിപ്പൽ സെക്രട്ടറി എസ്.അബ്ദുൽ സജിം, ദേശീയ ഭക്ഷ്യക്കമ്മീഷൻ അംഗം വി.രമേശൻ, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.സി മൊയ്തീൻ കുട്ടി, പി.ടി ശോഭന, എ.രതി, പത്തത്ത് ആരിഫ്, കിഴിശ്ശേരി മുസ്തഫ, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

സൗകര്യങ്ങൾ മികച്ചത്

പ്രീ ഫാബ്സാങ്കേതിക വിദ്യ ഉപയോഗിച്ച് നാലുമാസം കൊണ്ട് പൊതുമേഖലാ കമ്പനിയായ എഫ്.എ.സി.ടി.ആർ സി.എഫ് നിർമ്മാണം പൂർത്തീകരിക്കും. 29,000 സ്‌ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന കെട്ടിട്ടത്തിന്റെ ബേസ് മെന്റ് ഫ്‌ളോറിൽ വാഹന പാർക്കിംഗ് അടുക്കള, സ്റ്റോർ റൂം എന്നിവയും താഴെ നിലയിലും ഒന്നാം നിലയിലുമായി 50 രോഗികളെ കിടത്തി ചികിത്സിക്കാവുന്ന ഏഴ് വാർഡുകൾ, ഒ.പി വിഭാഗം, ഉഴിച്ചിൽ, ഫാർമസി വിഭാഗങ്ങൾ, ടൊ‌യ്‌ലറ്റ്, വിശ്രമമുറികൾ എന്നിവ ഉൾപ്പെടുന്നു. അഞ്ച് കോടി രൂപ നിർമ്മാണ ചെലവ് വരുന്നതിൽ 75 ലക്ഷം രൂപ ദേശീയ ആയുഷ്മിഷൻ വിഹിതമായും ബാക്കി നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചുമാണ് നിർവഹിക്കുക.