നിലമ്പൂർ: ജില്ലാ ആശുപത്രിയിൽ വയോധികയുടെ സ്വർണമാല മോഷണം പോയി. പൊലീസെത്തി പരിശോധന തുടങ്ങിയതോടെ ഒരു മണിക്കൂറോളം ഒ.പിയുടെ പ്രവർത്തനം സ്തംഭിച്ചു. മോഷ്ടാക്കളെന്നു സംശയിക്കുന്ന രണ്ട് സ്ത്രീകൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. പനി ബാധിച്ചു ചികിത്സ തേടിയെത്തിയ പള്ളിക്കുത്ത് സ്വദേശി ശാന്തയുടെ ഒന്നര പവന്റെ മാലയാണ് ഒപിയിൽ തിരക്കിനിടെ മോഷ്ടിച്ചത്. ഇന്നലെ രാവിലെ 10ന് ശാന്ത ഒപിയിൽ പ്രവേശിക്കുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. രണ്ട് സ്ത്രീകൾ അവരെ പിന്തുടരുന്നതും പിന്നീട് ഒപി ബ്‌ളോക്കിൽ ലാബിന്റെ ഭാഗത്തേക്കു അവർ മാറുന്നതായും കാണാം. ഡോക്ടറെ കണ്ട ശാന്ത മരുന്ന് വാങ്ങാൻ ഫാർമസിയിലേക്കു നീങ്ങി. അവസരം കാത്തു നിന്നവരെ പോലെ സ്ത്രീകൾ അവരെ പിന്തുടർന്നു. അൽപ്പം കഴിഞ്ഞ് രണ്ട് സ്ത്രീകളും ധൃതിയിൽ പുറത്തേക്കു വന്നു. ഒരാൾ സാരിക്കിടയിൽ എന്തോ ഒളിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വൃക്തമാണ്.
മരുന്ന് വാങ്ങി ശാന്ത പുറത്തിറങ്ങിയത് 10.25ന് അപ്പോഴാണ് മാല നഷ്ടപ്പെട്ടത് അറിഞ്ഞത്. ഉടനെ സുരക്ഷാ ജീവനക്കാരെ വിവരം അറിയിച്ചു.മോഷ്ടാവ് രക്ഷപ്പെട്ടില്ലെന്ന ധാരണയിൽ ജീവനക്കാർ ഒപിയുടെ കവാടം അടച്ചു. അകത്തുള്ള 700 ഉം പേരെ പുറത്തു വിട്ടില്ല. ഡോക്ടറെ കാണാൻ എത്തിയ രോഗികളെ അകത്തേക്കും കടത്തിയില്ല.
എസ്.ഐ എ.സജിത്ത്, എ.എസ്.ഐ അൻവർ സാദത്ത്, കെ.എം.ഷാഫി എന്നിവരുടെ നേതൃത്വത്തിൽ വനിതകൾ ഉൾപ്പെടെ പൊലീസ് സംഘമെത്തി. മുഴുവൻ ആളുകളെയും പരിശോധിക്കുക പ്രായോഗികമായിരുന്നില്ല. പ്രാഥമിക നിരീക്ഷണത്തിൽ സംശയിക്കത്തക്ക രീതിയിൽ ആരെയും കണ്ടില്ല. തുടർന്നു 11.30ന് കവാടം തുറന്നു കൊടുത്തു. അതിനിടെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടങ്ങിയിരുന്നു. സംശയിക്കുന്ന സ്ത്രീകൾക്കായി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേറ്റേഷൻ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും വിഫലമായി. ഇരുവരുടെയും ചിത്രങ്ങൾ എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറി. നീലസാരിയും മഞ്ഞ ബ്ളൗസുമാണ് ഒരാൾ ധരിച്ചത്. റോസ് നിറത്തിൽ പൂക്കളോട് കൂടിയ നീല ചുരിദാർ, റോസ് ഷാളുമാണ് രണ്ടാമത്തെ യുവതിയുടെ വേഷം