മലപ്പുറം: ബാല്യ വിവാഹമുൾപ്പെടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ 'സ്‌നേഹിത' പദ്ധതി പ്രയോജനപ്പെടുത്താൻ ധാരണ. നിയമങ്ങൾ ശക്തമെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ജാഫർ മലിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്‌നേഹിത പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം. ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും. ബാല്യ വിവാഹങ്ങളിൽ ജില്ലാ അതിർത്തികളിലുള്ള പെൺകുട്ടികൾ ഇരകളാവുന്ന സാഹചര്യത്തിൽ ജനകീയ ഇടപെടലോടെ പ്രതിരോധമൊരുക്കുകയാണ് ലക്ഷ്യം.
സ്‌നേഹിത പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷൻ പ്രാവർത്തികമാക്കിയ കോളിംങ് ബെൽ പദ്ധതിയിൽ കണ്ടെത്തിയ അശരണരായ വനിതകളുടെ സംരക്ഷണം ഉറപ്പാക്കും. തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹരിക്കാൻ സന്നദ്ധ സംഘടനകളുടേയും വിവിധ കൂട്ടായ്മകളുടേയും പിന്തുണ ഉറപ്പാക്കും. സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ ഇതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും യോഗത്തിൽ ധാരണയായി. സ്ത്രീകൾക്കിടയിൽ വർദ്ധിക്കുന്ന അർബുദ രോഗബാധ തടയാനുള്ള മുൻകരുതൽ നടപടികളിൽ സ്‌നേഹിത പദ്ധതി പ്രയോജനപ്പെടുത്തും. ആരോഗ്യ വകുപ്പുമായി ചേർന്ന് വനിതകൾക്കിടയിൽ ബോധവത്ക്കരണ പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കും. ഇതിനുള്ള കർമ്മ പദ്ധതികൾക്കു രൂപം നൽകും. ലീഗൽ സർവ്വീസസ് അതോറിറ്റി ജില്ലാ സെക്രട്ടറി സബ് ജഡ്ജി ആർ. മിനി, ശിശു ക്ഷേമ സമിതി ചെയർമാൻ അഡ്വ. പി. ഷാജേഷ് ഭാസ്‌കർ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഗീതാഞ്ജലി, സാമൂഹ്യ നീതി ഓഫീസർ കെ. കൃഷ്ണമൂർത്തി, ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ത്രേസ്യാമ ജോൺ, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ സി.കെ. ഹേമലത, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.