തേഞ്ഞിപ്പലം: ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ അക്വാട്ടിക് തെറാപ്പിക്ക് പുതിയ സംവിധാനമായി. ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനത്തിനായി സാമൂഹിക നീതി വകുപ്പിന്റെ പിന്തുണയോടെ യൂണിവേഴ്സിറ്റി മനഃശാസ്ത്ര വിഭാഗത്തിൽ നടപ്പാക്കുന്ന സി.ഡി.എം.ആർ.പി പ്രൊജക്ടിന്റെ ഭാഗമായാണ് അക്വാട്ടിക് തെറാപ്പി. യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനത്തിനായി കേരള സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടുകൂടി മനഃശാസ്ത്ര വിഭാഗത്തിന് കീഴിൽ കഴിഞ്ഞ നാലു വർഷമായി പ്രവർത്തിച്ചുവരുന്ന സി.ഡി.എം.ആർ.പിക്ക് കീഴിൽ നിലവിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 11 കമ്മ്യൂണിറ്റി ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്.
അക്വാട്ടിക് തെറാപ്പി
ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് അവരുടെ ചലന ശാരീരിക പ്രക്രിയയും പേശീബലവും വർദ്ധിപ്പിക്കുവാൻ ഏറ്റവും അനുയോജ്യമായ ഒരു സംവിധാനമാണ് അക്വാട്ടിക് തെറാപ്പി.
ഏഴു വയസിനു മുകളിലുള്ള ചലനവൈകല്യമുള്ള കുട്ടികൾക്ക് വേണ്ടിയാണ് നിലവിലെ അക്വാട്ടിക് തെറാപ്പി സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടുവർഷമായി സി.ഡി.എം.ആർ.പി പ്രൊജക്ടിന് കീഴിൽ വിജയകരമായി പ്രവർത്തിച്ചു വരുന്ന ഹൈഡ്രോ തെറാപ്പി സംവിധാനമാണ് യൂണിവേഴ്സിറ്റി സ്വിമ്മിംഗ് പൂളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വിപുലീകരിച്ചത്.
നിലവിൽ 37 ഓളം കുട്ടികൾക്ക് പൂർണ്ണ ചലനശേഷി ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന ഹൈഡ്രോ തെറാപ്പി സംവിധാനത്തിന് സാധിച്ചിട്ടുണ്ട്.
ഡെന്നി ഡേവിസ്, അക്വാട്ടിക് തെറാപ്പിസ്റ്റ്, സി.ഡി.എം.ആർ.പി ഫിസിയോതെറാപ്പി വിഭാഗം.