ffff
അബ്ദുൾ റഹീം

പെരിന്തൽമണ്ണ : അങ്ങാടിപ്പുറത്ത് വീടിന്റെ ജനല്‍വഴി മൂന്നര പവന്‍ തൂക്കം വരുന്ന മാലയും രണ്ട് മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. ചേലക്കര സ്വദേശി പുതുവീട്ടില്‍ അബ്ദുള്‍ റഹീം(27)​ ആണ് അറസ്റ്റിലായത്.സംഭവത്തിൽ റഹീമിന്റെ കൂട്ടുപ്രതിയും നിലവിൽ മറ്റൊരു കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നയാളുമായ പട്ടിക്കാട് സ്വദേശി ഓട്ടുപറമ്പന്‍ അജ്മലിനെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.സി. ഹരിദാസ് അറിയിച്ചു.
നിരവധി ഭവനഭേദന കേസുകളിലും ബൈക്ക് മോഷണക്കേസുകളിലും പ്രതിയാണ് അബ്ദുള്‍ റഹീം. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും മോട്ടോർസൈക്കിൾ മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അങ്ങാടിപ്പുറത്ത് വീട്ടിലെ കവർച്ചയ്ക്കും കുറ്റിപ്പുറം കോളേജ് പരിസരത്തു നിന്നും പട്ടിക്കാട് സ്വദേശിയുടെ ബുള്ളറ്റ് മോഷണം നടത്തിയ കേസിനും തുമ്പുണ്ടാക്കാനായത്.
അബ്ദുള്‍ റഹീമിന്റെ പേരില്‍ ചേലക്കര, തിരൂര്‍, കല്‍പ്പകഞ്ചേരി, മലപ്പുറം, കോഴിക്കോട്, കൊടുവള്ളി തുടങ്ങിയ പൊലീസ് സ്‌റ്റേഷനുകളില്‍ മോഷണ ക്കേസുകള്‍ നിലവിലുണ്ട്. ലഭിക്കുന്ന പണമുപയോഗിച്ച് ബാംഗ്ലൂരില്‍ പോയി ആഢംബര ജീവിതം നയിക്കുകയാണ് പതിവ്. പത്തുകിലോഗ്രാം കഞ്ചാവുമായി പാലക്കാട് എക്‌സൈസ് പിടിച്ച കേസും നിലവിലുണ്ട്.
സി.ഐ. ഐ. ഗിരീഷ് കുമാര്‍, എസ്.ഐ. മഞ്ജിത്ത് ലാല്‍, എ.എസ്‌.ഐ അബ്ദുള്‍ സലീം, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരന്‍, എന്‍.ടി. കൃഷ്ണകുമാര്‍, എം. മനോജ് കുമാര്‍, സലീന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.