മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ ഒരുമാസം മാത്രം ശേഷിക്കേ ജില്ലയിൽ പൂർത്തീകരിക്കാനുള്ളത് 370.6 കോടി രൂപയുടെ പദ്ധതികൾ. ബഡ്‌ജറ്റ് തുകയുടെ പകുതി വരുമിത്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ 681.82 കോടിയുടെ പദ്ധതികളിൽ 311.22 കോടി രൂപയാണ് ഇന്നലെ വരെ ചെലവഴിച്ചത്. ഇതിൽ 95.19 കോടി രൂപ സ്പിൽ ഓവർ പദ്ധതികളുടേതാണ്. ആകെ 45.64 ശതമാനമാണ് പൂർത്തീകരിച്ചത്. ട്രഷറി നിയന്ത്രണവും പ്രളയവുമാണ് പദ്ധതി നിർവഹണത്തിൽ ജില്ലയെ ഏറെ പിന്നിലാക്കിയത്. മാസങ്ങളായി തുടരുന്ന ട്രഷറി നിയന്ത്രണത്തിന് അടുത്തിടെ അയവ് വരുത്തിയെങ്കിലും അഞ്ച് ലക്ഷം രൂപ വരെയെന്ന പരിധി തടസ്സമായി. പ്രധാനമായും പഞ്ചായത്തുകളെയാണ് ഇതു തുണയ്ക്കുന്നതെങ്കിൽ നഗരസഭ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പദ്ധതികളെ പ്രതികൂലമായി ബാധിച്ചു. താരതമ്യേന ചെറിയ പദ്ധതികളാണ് പഞ്ചായത്തുകളിൽ കൂടുതലും.

പദ്ധതികൾ പൂർത്തിയായിട്ടും ട്രഷറിയിൽ ബില്ല് കെട്ടിക്കിടക്കുന്നതുമൂലം കരാറുകാർ പദ്ധതികളുടെ സമയബന്ധിതമായ നടത്തിപ്പിനോട് മുഖം തിരിക്കുന്നുണ്ട്. പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ഒമ്പതാം സ്ഥാനത്താണ് ജില്ല. പദ്ധതി നിർവഹണത്തിൽ ജില്ലാ പഞ്ചായത്ത് 45.64 ശതമാനമാണ് പൂർത്തീകരിച്ചത്. പഞ്ചായത്തുകളാണ് ജില്ലയിൽ പദ്ധതി നിർവഹണത്തിൽ മുന്നിലുള്ളത്.

എസ്.ടി പദ്ധതികളിൽ ഏറെ പിന്നിൽ
ജനറൽ പദ്ധതികൾക്കായി 357.83 കോടി രൂപ വകയിരുത്തിയപ്പോൾ 188.13 കോടിയാണ് ചെലവഴിച്ചത്. 52.57 ശതമാനമാണിത്. എസ്.സി പദ്ധതികൾക്കുള്ള 137.25 കോടിയിൽ 61.79 കോടിയുടെ പദ്ധതികൾ ഇതിനകം പൂർത്തീകരിച്ചു. 45.02 ശതമാനം. എസ്.ടി പദ്ധതികൾക്കുള്ള 7.86 കോടിയിൽ 2.27 കോടി മാത്രമാണ് ചെലവഴിച്ചത്. 28.88 ശതമാനവുമായി പദ്ധതി നിർവഹണത്തിൽ ഏറെ പിന്നിലാണ്.

മുന്നിലും പിന്നിലും ഇവ‌ർ

ജില്ലയിൽ ഒഴൂർ പഞ്ചായത്താണ് പദ്ധതി നിർവഹണത്തിൽ ഏറെ മുന്നിലുള്ളത്, 78.27 ശതമാനം. എടയൂർ, കൂട്ടിലങ്ങാടി, തുവ്വൂർ, മാറഞ്ചേരി, താനാളൂർ, നന്നംമുക്ക്, മൂത്തേടം, കോഡൂർ, കരുവാരക്കുണ്ട്, മക്കരപ്പറമ്പ്, അമരമ്പലം, പെരുവള്ളൂർ, എടക്കര, തിരുവാലി, മേലാറ്റൂർ, ചീക്കോട്, കരുളായി, വണ്ടൂർ, വെട്ടത്തൂർ, പെരുമണ്ണ ക്ലാരി, ചേലേമ്പ്ര, അതവനാട്, മങ്കട പഞ്ചായത്തുകൾ പദ്ധതി നിർവഹണത്തിൽ 60 ശതമാനത്തിന് മുകളിലെത്തി. താനൂർ നഗരസഭ 62.93 ശതമാനം പൂർത്തിയാക്കി സംസ്ഥാനത്ത് തന്നെ രണ്ടാംസ്ഥാനത്താണ്. 51.94 ശതമാനവുമായി തിരൂരങ്ങാടിയാണ് ബ്ലോക്ക് പഞ്ചായത്തുകളിൽ മുന്നിൽ. 57 തദ്ദേശസ്ഥാപനങ്ങൾ 50 ശതമാനത്തിൽ താഴെയാണ് പദ്ധതി നിർവഹണം നടത്തിയത്. പദ്ധതി നിർവഹണത്തിൽ എടവണ്ണ ഗ്രാമപഞ്ചായത്താണ് ഏറ്റവും പിന്നിൽ. ഇതുവരെ 33.54 ശതമാനമാണ് പദ്ധതി നിർവഹണം. മുനിസിപ്പാലിറ്റിയിൽ 25.28 ശതമാനവുമായി മഞ്ചേരിയും ബ്ലോക്ക് പഞ്ചായത്തുകളിൽ 27.96 ശതമാനവുമായി നിലമ്പൂരും ഏറെ പിന്നിലാണ്.