കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ ഒളിപ്പിച്ച് കടത്തിയതും വിമാനത്താവള ശുചിമുറിയിൽ ഉപേക്ഷിച്ചതുമായി ഒരുകോടിയുടെ സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. മലപ്പുറം പാലേമാട് അക്കാട്ടിൽ സജീർമോനിൽ (21) നിന്നാണ് സ്വർണം കണ്ടെത്തിയത്. ഇൻഡിഗോ എയർ വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയതായിരുന്നു യാത്രക്കാരൻ. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് കരിപ്പൂരിലെത്തിയ ഡിആർഐ സംഘം ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് ഇയാൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു വച്ച 2,730 ഗ്രാം സ്വർണ മിശ്രിതം കണ്ടെത്തി.ഇതേ സമയം എമിഗ്രേഷൻ കൗണ്ടറുകളോട് ചേർന്നുള്ള ശുചിമുറിയിൽ നിന്നു 5,650 ഗ്രാം സ്വർണ മിശ്രിതം ഉപേക്ഷിച്ച രീതിയിലും കണ്ടെടുത്തു. പിടികൂടിയ സ്വർണത്തിന് ഒരു കോടി വില ലഭിക്കും.