തിരൂർ: വൈവിദ്ധ്യങ്ങളെ സ്വീകരിക്കാനുള്ള മനസാണ് വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ആർജ്ജിക്കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ പറഞ്ഞു. ജില്ലാ ആദ്യമായി ആതിഥ്യം വഹിച്ച സംസ്ഥാന തല സ്റ്റുഡന്റ് പൊലീസ് കേഡറ്റ് 'നോളജ് ഫെസ്റ്റ് 2020' ലെ എസ്.പി.സി ക്വിസ് മത്സരം തിരൂർ ബിയാൻകോ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരെയും മാറ്റി നിർത്താനല്ല എല്ലാവരേയും ഒപ്പം ചേർക്കാനാണ് ശ്രമിക്കേണ്ടത്. പരീക്ഷകൾക്കായി ചോദ്യോത്തരങ്ങൾ മാത്രം വായിച്ച് പഠിക്കുന്നതിനൊപ്പം പരന്ന വായന വളർത്തിയെടുക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. ചെറുകഥകളും നോവലുകളും വായനയുടെ ഭാഗമാക്കുന്നതിലൂടെ വലിയ പദസമ്പത്താണ് ലഭിക്കുകയെന്നും മന്ത്രി വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. സർട്ടിഫിക്കറ്റുകളുടെ പിൻബലത്തോടൊപ്പം പദസമ്പത്തുകളുമുണ്ടെങ്കിലേ ജീവിതത്തിൽ തങ്ങളുടെ ഉള്ളിലുള്ള ആശയങ്ങൾ മറ്റുള്ളവരിലേക്കെത്തിക്കാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരസഭ ചെയർമാൻ കെ.ബാവ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം, ഐ.ജി പി.വിജയൻ, നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി പി.പി ഷംസ്, ആഷിഖ് കൈനിക്കര, ചേമ്പർ ഓഫ് കൊമേഴ്സ് പ്രതിനിധി അബ്ദുറഹിമാൻ സംസാരിച്ചു. സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ, കലാപ്രവർത്തകൻ ജയരാജ് വാരിയർ എന്നിവർ എസ്.പി.സി കേഡറ്റുകളുമായി സംവദിച്ചു.