malappuram
ജില്ലാ കളക്ടർ ജാഫർ മലിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജി​ല്ലാ​ ​വി​ക​സ​ന​ ​സ​മി​തി​ ​യോ​ഗം

മലപ്പുറം: വരൾച്ച നേരിടാൻ ജില്ലയ്ക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. ജനുവരി മാസം മുതൽ വേനൽ ശക്തിപ്പെട്ടതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. കാർഷിക മേഖലയും തളരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയിൽ വരൾച്ച നേരിടാൻ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് യോഗം പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജില്ലയിൽ സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി. കുടിവെള്ള ലഭ്യത കുറവായ സ്ഥലങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാൻ നടപടികളായതായി പി. ഉബൈദുള്ള എം.എൽ.എയുടെ ചോദ്യത്തിനു ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർ മറുപടി നൽകി. വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കണമെന്നു ജില്ലാ കളക്ടർ ജാഫർ മലിക് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി.

ഇറിഗേഷൻ കനാലുകളിലെ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ വാർഷിക പരിപാലന പ്രവൃത്തികളിൽ ഉൾപ്പെടുത്തി നടപടി ആരംഭിച്ചതായി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ഒടായിക്കൽ റെഗുലേറ്ററിൽ ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കി രണ്ടാഴ്ചക്കകം പരമാവധി സംഭരണ ശേഷിയായ 4.70 മീറ്റർ ഉയരത്തിൽ വെള്ളം സംഭരിക്കുമെന്നും മൈനർ ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ ജില്ലാ കളക്ടറുടെ ചോദ്യത്തിനു മറുപടി നൽകി.

വട്ടപ്പാറ വളവിലെ അപകടങ്ങൾ കുറക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിനു റിക്വസിഷൻ നൽകാൻ ചീഫ് എഞ്ചിനീയർ ഉത്തരവിട്ടതായി ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയാണ് ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. ഇതിനുള്ള അടങ്കൽ തയ്യാറാക്കാൻ കാട്ടിപ്പരുത്തി വില്ലേജ് ഓഫീസർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. അടങ്കൽ ലഭിക്കുന്നതോടെ റിക്വസിഷനു വേണ്ടി ജില്ലാ കളക്ടർക്കു സമർപ്പിക്കും. മുണ്ടുപറമ്പ് ബൈപ്പാസ് റോഡിൽ ഡിവൈഡർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കട്ടിംങ് സ്ഥലങ്ങൾ നിശ്ചയിച്ചതിൽ ഉണ്ടായ പരാതികൾ പൊലീസ്, മോട്ടോർ വാഹന വകുപ്പുകളും പൊതുമരാമത്ത് ദേശീയപാത വിഭാഗവും സംയുക്തമായി പരിശോധിച്ചു തീർപ്പാക്കിയതായി പി. ഉബൈദുള്ള എം.എൽ.എയുടെ ചോദ്യത്തിനു എക്സിക്യൂട്ടീവ് എഞ്ചിനീയർ മറുപടി നൽകി.

സൗരോർജ്ജ മിനി മാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നതിനു ഫീസിബിലിറ്റി നൽകുന്നതിൽ കാലതാമസമുണ്ടായിട്ടില്ലെന്നു അനർട്ട് ജില്ലാ എഞ്ചിനീയർ വ്യക്തമാക്കി. അനർട്ടിന്റെ സാങ്കേതികവിദ്യയിൽ മാറ്റം വരാതെയുള്ള പദ്ധതികൾക്ക് ഫീസിബിലിറ്റി നൽകുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ ചോദ്യത്തിന് അനർട്ട് എഞ്ചിനീയർ മറുപടി പറഞ്ഞു. ചിന്നമ്മപ്പടി വേങ്ങര റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതായി വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഇരിമ്പിളിയം ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ പ്രവൃത്തിയുടെ തുക പ്രിൻസിപ്പൽ ജി.എസ്.ടി. എടുത്തിട്ടില്ലെന്ന കാരണത്താൽ അനുവദിക്കാതിരുന്ന പ്രശ്നം പരിഹരിച്ചുവരികയാണെന്നു ഹയർ സെക്കൻഡറി വിഭാഗം റീജിയനൽ ഡെപ്യൂട്ടി ഡയറക്ടർ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രതിനിധിയെ അറിയിച്ചു. നിലവിൽ പ്രിൻപ്പലിന് ജി.എസ്.ടി നമ്പർ ലഭിച്ചിട്ടുണ്ടെന്നും ഇത് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അറിയിച്ചിട്ടുണ്ടെന്നും റീജിയനൽ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

ജില്ലാ കലക്ടർ ജാഫർ മലികിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ പി. ഹമീദ്, പി. ഉബൈദുള്ള, ടി.വി. ഇബ്രാഹിം, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ, മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രതിനിധി സലീം കുരുവമ്പലം, രാഹുൽഗാന്ധി എം.പിയുടെ പ്രതിനിധി വി.വി. പ്രകാശ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.