animal-attack
ബേക്കറിയിൽ കയറിയ മ്ലാവ്‌

ചെർപ്പുളശ്ശേരി: വഴിതെറ്റി വന്ന മ്ലാവ് പട്ടാപ്പകൽ ബേക്കറിയുടെ ചില്ല് തകർത്ത് അകത്തുകയറി. വല്ലപ്പുഴ ഗെയിറ്റിൽ പ്രവർത്തിക്കുന്ന ഫെയ്മസ് ബേക്കറിയിൽ ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം.
രാവിലെ ജീവനക്കാരെത്തി കട തുറക്കാൻ ശ്രമിക്കുന്നതിനിടെ കടയുടെ ഒരുവശത്തെ ചില്ല് തകർത്ത് മ്ലാവ് അകത്തുകയറുകയായിരുന്നു. കടയ്ക്കകത്ത് പരാക്രമം കാട്ടിയ
മ്ലാവ് ഫർണിച്ചറുകളും, മറ്റ് ഗ്ലാസുകളും തകർത്തു. ഇതോടെ അകത്തുണ്ടായിരുന്ന ജീവനക്കാരും പരിഭ്രാന്തരായി. മ്ലാവ് അടുക്കളയ്ക്കകത്ത് കയറിയതോടെ ജീവനക്കാർ വാതിലും കടയുടെ മറ്റ് ഷട്ടറുകളും പൂട്ടിയിട്ടു. തുടർന്ന് വനം വകുപ്പുദ്യോഗസ്ഥരെയും പൊലീസിനേയും വിവരമറിയിച്ചു. സംഭവമറിഞ്ഞ് വൻ ജനക്കൂട്ടവും സ്ഥലത്ത് തടിച്ചു കൂടി.
പട്ടാമ്പിയിൽ നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം കയറിട്ട് മ്ലാവിനെ കുടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉച്ചയോടെ പാലക്കാട്ടു നിന്നും വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൻസ് ടീമെത്തി കയറുപയോഗിച്ച് കുടുക്കിട്ട് മ്ലാവിനെ വരുതിയിലാക്കി വണ്ടിയിൽ കയറ്റി കൊണ്ടുപോയി. ചില്ലുകൾ തറച്ച്
മുറിവേറ്റ മ്ലാവിന് ചികിത്സ ലഭ്യമാക്കിയ ശേഷം കാട്ടിൽ വിട്ടയക്കുമെന്ന് വനം വകുപ്പധികൃതർ പറഞ്ഞു. മ്ലാവ് പകൽ സമയത്ത് ഇവിടെ എങ്ങിനെ എത്തി എന്ന് വ്യക്തമല്ല. മ്ലാവിന്റെ പരാക്രമത്തിൽ കടയിൽ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കട ഉടമ അറിയിച്ചു.