prathikal
പ്രതികൾ

പാലക്കാട്: 2.200 കിലോ കഞ്ചാവും 54 നൈട്രോസൻ ഗുളികകളുമായി ആലപ്പുഴ സ്വദേശികളായ രണ്ടുപേരെപാലക്കാട് ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. ആലപ്പുഴ, അരൂർ വടുതല സ്വദേശികളായ ജിബിൻ ജോസഫ് (24), മുഹമ്മദ് ഷാഫി (27) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് ലിങ്ക് റോഡിൽവച്ച് പരിശോധനയ്ക്കിടെ പിടികൂടിയത്.

സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തിവരുന്നത്. ജില്ല പൊലീസ് മേധാവി ശിവവിക്രത്തിന്റെ നിർദ്ദേശത്തെ തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി ബാബു തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ ഒരു ലക്ഷം രൂപയോളം വില വരും.
ആന്ധ്രപ്രദേശിലെ ടുണിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിച്ചിട്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി. തീവണ്ടി മാർഗം കോയമ്പത്തൂരെത്തി അവിടെ നിന്നും ബസിൽ ആലപ്പുഴയിലേക്ക് പോവുന്നതിന് പാലക്കാട് എത്തിയപ്പോഴാണ് പ്രതികൾ വലയിലായത്.
കഞ്ചാവിനു പുറമെ 54 നൈട്രോസൻ ഗുളികകളും ഇവരുടെ പക്കൽ നിന്നും കണ്ടെത്തി. മാനസിക രോഗികൾക്കു നൽകുന്ന ഗുളികകൾ തമിഴ്‌നാട്ടിൽ നിന്നു ഡോക്ടറുടെ കുറിപ്പടിഇല്ലാതെയാണ് വാങ്ങിക്കൊണ്ടുവന്നത്. 50 രൂപ വിലയുള്ള 10 ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പ് 500 രൂപയ്ക്കാണ് വിൽക്കുന്നത്.
പാലക്കാട് സൗത്ത് സബ് ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത് , എസ്.സി.പി.ഒ ഷെയ്ക് മുസ്തഫ, സി.പി.ഒമാരായ ശിവകുമാർ, രാമസ്വാമി, സജീഷ് ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ സി.വിജയാനന്ദ്, കെ. അഹമ്മദ് കബീർ, ആർ.വിനീഷ്, എച്ച്.ഷാജഹാൻ, എസ്. ഷനോസ്, എസ്. രാജീദ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.