പാലക്കാട്: കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള ഗതാഗത ക്രമീകരണം ആരംഭിച്ചു. എല്ലാ സർവീസുകളും കെ.എസ്.ആർ.ടി.സി ലിങ്ക് റോഡ്, ശാദി മഹൽ റോഡ് വഴിയാണ് ഇന്നലെ സർവീസ് നടത്തിയത്. സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാകുന്നതുവരെ ഈ രീതി തുടരും.
ഗുരുവായൂർ, പൊളള്ളാച്ചി, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ ബസുകൾ അന്തർസംസ്ഥാന ടെർമിനലിൽ നിന്നാണ് സർവീസ് നടത്തുന്നത്. കോയമ്പത്തൂർ ഭാഗത്തേക്കുള്ള ബസുകൾ മാത്രം ലിങ്ക് റോഡിൽ നിന്നും സർവീസ് നടത്തും. രണ്ടിടത്തും യാത്രക്കാർക്കായി കാത്തിരിപ്പുകേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.
ക്രമീകരണത്തിന്റെ ഭാഗമായി ട്രാഫിക് പൊലീസ് സ്ഥലത്തെത്തിയിരുന്നു. കൂടാതെ ഗതാഗതകുരുക്കും മറ്റും തടസങ്ങളും ഒഴിവാക്കുന്നതിനായി ലിങ്ക് റോഡ്, എസ്.ബി.ഐ. പരിസരം, ഇംഗ്ലീഷ് ചർച്ച് റോഡ് മേൽപ്പാലം, സ്റ്റാൻഡ് എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി. ഇൻസ്‌പെക്ടർമാരും ജീവനക്കാരും പരിശോധനകൾ നടത്തി.
സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന എല്ലാ ബസുകളും ലിങ്ക് റോഡ്, ശാദി മഹൽ വഴിയാണ് പോകുക. ഇതിൽ തൃശൂർ, തിരുവനന്തപുരം, കോയമ്പത്തൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ കോട്ടമൈതാനം വഴിയും കോഴിക്കോട്, ഗുരുവായൂർ ബസുകൾ ബി.ഇ.എം. സ്‌കൂൾ വഴിയും പോകും.
സ്റ്റാൻഡിലേക്കുള്ള ബസുകൾ ബി.ഇ.എം സ്‌കൂൾ ജംഗ്ഷനിൽനിന്നും സ്റ്റാൻഡിനു മുന്നിലൂടെ പോയി കെ.എസ്.ആർ.ടി.സി ലിങ്ക് റോഡിൽ പ്രവേശിക്കും. ലിങ്ക് റോഡിൽ മറ്റു വാഹനങ്ങൾ നിർത്തിയിടുന്നത് നിരോധിച്ചു. ഇവിടെ കെ.എസ്.ആർ.ടി.സി. ബസുകൾക്ക് മാത്രമായി പരിമിതപ്പെടുത്തി. മറുവശം വഴി രണ്ടുവരി ഗതാഗതം അനുവദിച്ചിട്ടുണ്ട്. സ്വകാര്യബസുകൾ സ്റ്റാൻഡിനുമുന്നിലൂടെ തന്നെ സർവീസ് നടത്തും. ചരക്കുവാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കെട്ടിട നിർമാണം പുരോഗമിക്കുന്നതിന്റെ ഭാഗമായി സ്റ്റാൻഡിന്റെ മുൻവശം ഉടൻ അടയ്ക്കുമെന്നും ഡീസൽ പമ്പ് മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗതിയിലാണെന്നും അധികൃതർ അറിയിച്ചു.