പാലക്കാട്: ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'സ്‌നേഹ നനവ്' സമന്വയ പാലിയേറ്റീവ് ശില്പശാല സംഘടിപ്പിച്ചു. ചിത്രകാരൻ പ്രണവ് ആലത്തൂർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പരിധിയിലെ വിവിധ പ്രൈമറി യൂണിറ്റുകളിൽ ക്യാൻസർ രോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നവരാണ് പ്രാധാനമായും ശില്പശാലയിൽ പങ്കെടുത്തത്. പരിപാടിയിൽ ബ്ലോക്ക്തല പാലിയേറ്റീവ് കമ്മിറ്റി ഏർപ്പെടുത്തിയ സമന്വയ അവാർഡുകൾ വിതരണം ചെയ്തു. ബ്ലോക്ക് പരിധിയിൽ പാലിയേറ്റീവ് രംഗത്ത് മികവ് തെളിയിച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് വെള്ളിനേഴി പഞ്ചായത്തും ജനപ്രതിനിധിക്കുള്ള അവാർഡ് കാരാക്കുർശ്ശി ഗ്രാമപഞ്ചായത്ത് മെമ്പർ ബേബി ചന്ദ്രനും മികച്ച പാലിയേറ്റീവ് നഴ്‌സ് കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ശോഭാ കുമാരി, ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ശ്രീകൃഷ്ണപുരം കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ.ധന്യ, സന്നദ്ധ പ്രവർത്തകനുള്ള അവാർഡ് കുലുക്കിലിയാട് യുവചേതന പാലിയേറ്റീവ് ക്ലബ്ബംഗം പി.കുട്ടൻ എന്നിവർക്ക് നൽകി ആദരിച്ചു. പങ്കെടുത്ത മുഴുവൻ രോഗബാധിതർക്കും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 140 അംഗൻവാടികളിൽ നിന്നുള്ള ജീവനക്കാർ നൽകിയ പലവ്യഞ്ജനങ്ങളടങ്ങിയ സ്‌നേഹ ബക്കറ്റുകളും വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ അധ്യക്ഷനായി. ഡോ.എം.എ.അസ്മാബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഫോട്ടോ (2): ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സ്‌നേഹ നനവ്' സമന്വയ പാലിയേറ്റീവ് ശില്പശാല പ്രണവ് ആലത്തൂർ ഉദ്ഘാടനം ചെയ്യുന്നു.