ആലത്തൂർ: യുവതി തൂങ്ങിമരിച്ച സംഭവം,​ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ.
ആലത്തൂർ ബാങ്ക് റോഡ് പരുവയ്ക്കൽ വീട്ടിൽ ഫയാസിന്റെ ഭാര്യ ജാസ്മിൻ (26) ആണ് ബുധനാഴ്ച രാവിലെ 11 മണയോടെ വീട്ടിൽ തൂങ്ങിമരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ സഹോദരൻ റിയാസാണ് പൊലീസിന് പരാതി നൽകിയത്.

ഏഴു വർഷം മുമ്പാണ് ഫയാസിന്റെയും ജാസ്മിന്റെയും വിവാഹം കഴിഞ്ഞത്. കഴിഞ്ഞ കുറച്ച് വർഷമായി സഹോദരിയെ ഫയാസ് ഉപദ്രവിക്കാറുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇവരുടെ മൂത്ത മകൾ നിഫ ഫാത്തിമയുടെ ജന്മദിനമായിരുന്നു ബുധനാഴ്ച. ജന്മദിനം ആഘോഷിക്കുന്നതിനെ ചൊല്ലി രാവിലെ ഇവർ വഴക്കിട്ടതായി പൊലീസ് പറഞ്ഞു. ശേഷമാണ് ജാസ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പാലക്കാട് ആർ.ഡി.ഒ വിഭൂഷന്റെ നിർദ്ദേശപ്രകാരം ആലത്തൂർ തഹസിൽദാസ് ഇൻചാർജ്ജുള്ള ഭൂരേഖാ തഹസിൽദാർ എൻ.ശ്രീകുമാരൻ, ഡിവൈ.എസ്.പി കെ.എം.ദേവസ്യ, സയന്റിഫിക് അസിസ്റ്റന്റ്, വിരലടയാള വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പോസ്റ്റ് മാർട്ടം നടക്കും.

പഴമ്പാലക്കോട് തരൂർപള്ളി തെക്കുമുറി കോട്ടായിയിൽ വീട്ടിൽ പരേതനായ ഷാജി മുഹമ്മദിന്റെയും ഫാത്തിമയുടെയും മകളാണ് മരിച്ച ജാസ്മിൻ.