പാലക്കാട്: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 142 പേരെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി.റീത്ത അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും ഡി.എം.ഒ വ്യക്തമാക്കി.

നിലവിൽ 138 പേർ വീടുകളിലും മൂന്നു പേർ ജില്ലാ ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ഒമ്പത് സാമ്പിളുകളാണ് എൻ.ഐ.വിയിലേക്ക് പരിശോധനയ്ക്കായി നൽകിയിട്ടുള്ളത് ഇതിൽ എട്ട് സാമ്പിളുകളും നെഗറ്റീവാണ്. സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കുന്നതിന് നിർദ്ദേശം നൽകുകയും സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പരിചരണത്തിൽ പരിശീലനം നൽകി വരുന്നതായും ഡി.എം.ഒ അറിയിച്ചു.

വിദ്യാർഥികൾ, അധ്യാപകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർക്ക് കൊറോണ വൈറസ് സംബന്ധിച്ച് ബോധവൽക്കരണം നൽകും. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെ അധ്യക്ഷതയിൽ ചേബറിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും നിരീക്ഷണം ശക്തമായി തുടരുന്നതായി യോഗം വിലയിരുത്തി.