ചിറ്റില്ലഞ്ചേരി: ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ചിറ്റില്ലഞ്ചേരി - തൃപ്പാളൂർ പാതയുടെ നവീകരണ പ്രവർത്തി ആരംഭിച്ചു. തൃപ്പാളൂർ മുതൽ ചിറ്റില്ലഞ്ചേരിവരെയുള്ള ആറ് കിലോമീറ്ററാണ് 5.10 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്നത്. ആദ്യഘട്ടത്തിലെ കലുങ്കുകളുടെയും സംരക്ഷണഭിത്തിയുടെയും നിർമാണം പൂർത്തിയായി.

നിലവിലെ ടാറിംഗ് പൂർണമായും അടർത്തിയെടുത്താണ് പുതിയപാത നിർമ്മിക്കുന്നത്. പാതയിലെ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുന്ന രീതിയിലാണ് നിർമാണം. ചില ഭാഗങ്ങളിൽ 45 സെന്റീ മീറ്റർവരെ പാതയ്ക്ക് ഉയരംകൂടുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. തൃപ്പാളൂർമുതൽ തെക്കുമുറിവരെയുള്ള ഭാഗത്താണ് ആദ്യഘട്ടമായി നവീകരണപ്രവർത്തി ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇതിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ചിറ്റില്ലഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തെക്കുമുറിയിൽനിന്ന് തിരിഞ്ഞ് പുതിയങ്കം ഗ്രാമംവഴി സ്വാതി ജംഗ്ഷനിലേക്കും തൃപ്പാളൂരിൽനിന്ന് വരുന്ന വാഹനങ്ങൾ പുള്ളോടുവഴി മലക്കുളത്തേക്കും കടന്നുപോകുന്ന രീതിയിലാണ് ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.