കൊല്ലങ്കോട്: തെന്മലമുകളിലെ ഗോവിന്ദമലയിൽ തൈപ്പൂയ്യ ദർശനംതേടി വിശ്വാസികൾ മലകയറി. മകരമാസത്തിലെ ഇവിടത്തെ തൈപ്പൂയ്യ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പതിവുപോലെ തമിഴ്‌നാട്ടിൽനിന്നുള്ള ഭക്തരുടെ തിരക്കിന് ഇക്കുറിയും കുറവൊന്നുമുണ്ടായില്ല.

മലമുകളിലെ പാറയിൽ കൊത്തിയിട്ടുള്ള ഗോവിന്ദപാദങ്ങളിൽ നമസ്‌കരിക്കാനും, ഇവിടത്തെ പാറയിൽനിന്ന് ഒഴുകിയിറങ്ങുന്ന ഗോവിന്ദതീർഥം പ്രസാദമായി ശേഖരിക്കാനുമാണ് ഗോവിന്ദവിളിയുമായി ഭക്തർ മലകയറിയത്.

നെല്ലിയാമ്പതി മലയോടുചേർന്നുള്ള ഗോവിന്ദമലയുടെ മുകളിൽ കശ്യപ മഹർഷി തപസ്സുചെയ്തുവെന്ന് വിശ്വസിക്കുന്ന സ്ഥലത്തുള്ള ഗോവിന്ദപാദ പ്രതിഷ്ഠ ലക്ഷ്യമിട്ടാണ് കാട്ടിനുള്ളിലൂടെ ഭക്തരുടെ കഠിനമായ മലകയറ്റം നടന്നത്. പാറകൂട്ടങ്ങൾ നിറഞ്ഞ ഇടുങ്ങിയവഴിയും ചെങ്കുത്തായ മലയും കയറാൻ ക്ഷേത്ര കമ്മിറ്റി ഇത്തവണയും സൗകര്യം ചെയ്തിട്ടുണ്ട്. മുകളിൽ എത്തിയാൽ കാണുന്നത് ഗോവിന്ദ സ്വാമിയുടെ പാദങ്ങളും ശംഖിന്റെ ചിത്രം ആലേഖനം ചെയ്ത പാറയുമാണ്. തമിഴ്‌നാട്ടിൽ നിന്നുമാണ് കൂടുതൽ ഭക്തർ ഗോവിന്ദമല കയറാനായി ഇവിടെ എത്തുന്നത്. മഹാവിഷ്ണുവിന്റെ പാദവും ശംഖും ചക്രവും പതിഞ്ഞ പാറയിൽ പൂജ നടത്തി പാറയിടുക്കുകളിൽ നിന്നും ഒഴുകിവരുന്ന തീർത്ഥം പാത്രങ്ങളിൽ ശേഖരിച്ചാണ് ഭക്തർ മലയിറങ്ങുന്നത്.

തമിഴ്‌നാട്ടിലെ പൊള്ളാച്ചി, ആനമല, ഉദുമലപേട്ട പഴനി, കിണട്ടുകടവ് തുടങ്ങിയ പ്രദേശങ്ങളിൽനിന്നും വാദ്യഘോഷങ്ങളോടെ കൂട്ടംകൂട്ടമായെത്തിയ ഭക്തർ മലകയറിയത്.

കശ്യപമഹർഷി പ്രതിഷ്ഠ നടത്തിയ കാച്ചാംകുറിശ്ശി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് ഗോവിന്ദമല എന്ന് വിശ്വാസമുള്ളതിനാൽ ഭക്തർ കാച്ചാംകുറിശ്ശിയിലും ദർശനം നടത്തിയാണ് മടങ്ങിയത്.