മണ്ണാർക്കാട്: മണ്ണ് മാഫിയക്കെതിരെ നടപടിയെടുത്ത് പൊലീസ്. ഇന്നലെ ഉച്ചയോടെയാണ് തെങ്കര കാഞ്ഞിരവള്ളി ഭാഗത്ത് അനധികൃതമായി മണ്ണ് കയറ്റുകയായിരുന്ന വാഹനങ്ങൾ മണ്ണാർക്കാട് പൊലീസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് സി.ഐ എം.കെ.സജീവിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ സഹദ്, ഷഫീഖ് എന്നിവരുൾപ്പെടുന്ന സംഘം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. രണ്ട് ടിപ്പറുകൾ, ഒരു ജെ.സി.ബി എന്നിവ പിടികൂടി സ്റ്റേഷനിലെത്തിച്ചു. വാഹന ഉടമകൾക്കെതിരെ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വരും ദിവസങ്ങളിലും കർശന പരിശോധനകൾ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച ''മണ്ണാർക്കാടിനെ മരുഭൂമിയാക്കി മണ്ണ് മാഫിയ ' എന്ന വാർത്തയെത്തുടർന്ന് റവന്യു ​- പൊലീസ് സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. കേരളകൗമുദിയിലൂടെ പൊതുജനങ്ങൾക്കായി നൽകിയ സ്‌ക്വാഡിന്റെ നമ്പറുകളിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നായി ജനങ്ങളും വിവരങ്ങൾ നൽകുന്നുണ്ട്.