പാലക്കാട്: പൊള്ളുന്ന വെയിലത്ത് മൈലുകൾ താണ്ടി കാൽനടയായി കുടിവെള്ളം ശേഖരിച്ചുകൊണ്ടുവരുന്ന സ്ത്രീകൾ.... ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ ജില്ലയിലെ സ്ഥിരം കാഴ്ചയാണിത്. വേനൽക്കാലത്ത് അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നത്തെ പ്രതിരോധിക്കാൻ ' ജലസുരക്ഷാ' പദ്ധതിയുമായി വരുന്നു ഹരിത കേരളം മിഷൻ.

ഇത്തവണ ജനുവരി അവസാനത്തിൽ തന്നെ ചൂട് 38 ഡിഗ്രിയിലെത്തിയിരുന്നു. ഫെബ്രുവരിയിൽ ശരാശരി ചൂട് 36 ഡിഗ്രിയാണ്. ഇനിയത് നാല്പതിൽ എത്തുമോ എന്നാണ് അറിയാനുള്ളത്. ലഭിക്കുന്ന സൂചന പ്രകാരം ഇത്തവണയും വേനൽ കടുക്കുമെന്നുതന്നെയാണ്. അതിനാലാണ് കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജലസുരക്ഷാ പദ്ധതി നടപ്പാക്കുന്നത്.

ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലുമായി 95 സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് അധികൃതർ പറഞ്ഞു. ഓരോ പഞ്ചായത്തിലും ജലലഭ്യതയ്ക്കനുസരിച്ചുള്ള കർമ്മ പദ്ധതികൾക്ക് പ്രാധാന്യം നൽകും. കൂടാതെ ഓരോ പഞ്ചായത്തിലും വരൾച്ച അനുഭവപ്പെടുന്നതും ജലം ലഭിക്കുന്നതുമായ മേഖലകൾ മുൻകൂട്ടി വേർത്തിരിച്ച്, ജലത്തിന്റെ ലഭ്യത, വിനിയോഗം, ബാക്കിവരുന്ന ജലം എങ്ങനെ സംഭരിക്കാം എന്നീ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കുക.

 മഴയ്ക്കു മുമ്പേ പ്രവർത്തനങ്ങൾ പൂർത്തിയാക്കും

ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ നിലവിൽ ജില്ലയിൽ 206 കിലോമീറ്റർ നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ചു. ഫെബ്രുവരി അവസാനത്തോടെ 3000 കിലോമീറ്റർ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കും. കൂടാതെ ഓരോ പഞ്ചായത്തിലെയും നീർച്ചാലുകളിൽ മൂന്ന് വീതം താത്കാലിക തടയണകൾ നിർമ്മിക്കും. മാർച്ച് മുതൽ ഓരോ പഞ്ചായത്തിലെയും മൂന്ന് വീതം കുളങ്ങൾ പുനരുജ്ജീവിപ്പിക്കും. മേയ് മാസത്തിൽ പൊതുകിണറുകൾ മഴവെള്ള റീ ചാർജ്ജിംഗ് ഉൾപ്പെടെ ശുചീകരിക്കും. ഇത്തരത്തിൽ ജൂൺ ആകുമ്പോഴേക്കും പദ്ധതിയുടെ മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയാക്കുകയാണ് ലക്ഷ്യം.

 തണ്ണീർ കേന്ദ്രങ്ങൾ സ്ഥാപിക്കും
കുടിവെള്ള പ്രശ്‌നം രൂക്ഷമായ മേഖലകളിൽ മാർച്ച് ആദ്യവാരത്തോടെ ഹരിതകേരള മിഷൻ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ തണ്ണീർ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതുവഴി സമ്പാരം, മോര്, നാരങ്ങ വെള്ളം, ജീരകവെള്ളം എന്നിവ ലഭ്യമാക്കും.

 ജലസുരക്ഷാ ശില്പശാല നടത്തും
പദ്ധതി ഏതെല്ലാം രീതിയിൽ നടപ്പിലാക്കണമെന്നതിനെ കുറിച്ച് വിലയിരുത്താൻ ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ ശില്പശാല ഈമാസം അവസാനം നടത്തും. കൂടാതെ ഓരോ പഞ്ചായത്തിലും നടത്തിയ ജലസംഭരണ പ്രവർത്തനങ്ങളും തുടർന്നുള്ള പ്രവർത്തനങ്ങളുടെ പ്ലാനുകളും മാർച്ച് 22ന് ലോക ജലദിനത്തിൽ പഞ്ചായത്തുതല യോഗങ്ങളിൽ അവതരിപ്പിക്കണം.

വൈ.കല്യാണകൃഷ്ണൻ,

ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ