കൊല്ലങ്കോട്: അഴുക്കുചാലുകളിലെ മലിനജലം റോഡിലേക്കൊഴുകുന്നത് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വേറിട്ട സമരവുമായി കൃഷ്ണൻ. ഓടകളുടെ മുകളിലിരുന്നാണ് പുഴയോരം എസ്.സി കോളനി മാമ്പ്രപാടം കൃഷ്ണൻ എന്ന സാമൂഹ്യ പ്രവർത്തകൻ ഭരണനേതൃത്വത്തിന്റെ അനാസ്ഥയ്ക്കെതിരെയാണ് ഒറ്റയാൾ പോരാട്ടം നടത്തിയത്. ഇന്നലെ രാവിലെ 9.30 മുതൽ 11.30 വരെയായിരുന്നു പ്രതിഷേധം.
കഴിഞ്ഞദിവസം സ്‌കൂൾ വിദ്യാർത്ഥിനി ഓടയിൽ നിന്നു ഒഴുകിവരുന്ന വെള്ളത്തിൽ വഴുതിവീണിരുന്നു. ഇതാണ് പ്രതിഷേധവുമായി രംഗത്തുവരാൻ ഇടയാക്കിയത്. ലോട്ടറി വില്പനക്കാരനായ കൃഷ്ണൻ 2016 ജൂലൈ 19ന് പാലക്കാട് സിവിൽ സ്റ്റേഷനിലെ ശൗചാലയങ്ങൾ വൃത്തിയാക്കി സേവന കർമ്മത്തിന് മാതൃക കാണിച്ചയാളാണ്.
സമരത്തെ പിന്തുണച്ച് കൊല്ലങ്കോട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.വിജയനും രംഗത്തുവന്നിരുന്നു. ഓടകൾ എത്രയും വേഗം ശരിയാക്കണമെന്നും സമീപമുള്ള കെട്ടിടത്തിൽ നിന്നും മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരത്തിൽ പൊള്ളാച്ചി റോഡിലും അയ്യപ്പൻകാവിനെ സമീപത്തെ ഓടകളിലും കെട്ടിടങ്ങളിൽ നിന്നും മലിനജലം ഒഴുക്കി വിടരുതെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ പ്രശ്നം അടിയന്തരമായി പരിഹരിക്കും.
ശാലിനി കറുപ്പേഷ് , പഞ്ചായത്ത് പ്രസിഡന്റ്