കൊല്ലങ്കോട്: കാർഷിക മേഖലയിൽ ഉൾപ്പെടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള മിച്ച ബഡ്ജറ്റുമായി കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്. 548529000 രൂപ വരവും 548429000 രൂപ ചെലവും 100000 രൂപയുടെ നീക്കിയിരുപ്പുമുള്ളതാണ് വൈസ് പ്രസിഡന്റ് എം.എ.ഗണേശൻ അവതരിപ്പിച്ച ബഡ്ജറ്റ്.
വാർഷിക വികസന പദ്ധതികൾക്കായി 86710000 രൂപയും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമീണ തൊഴിൽ മേഖലയ്ക്ക് 350000000 രൂപയും ഉൾക്കൊള്ളിച്ചപ്പോൾ ഭവന പദ്ധതിക്കായി 37600000 രൂപയാണ് വകയിരുത്തിയത്. ബ്ലോക്ക് പ്രസിഡന്റ് ശാരദ തുളസീദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ബഡ്ജറ്റ് അവതരണത്തിനിടെ മൂന്ന് പ്രതിപക്ഷാംഗങ്ങൾ വാക്കൗട്ട് നടത്തി. പട്ടത്തലച്ചി ഡിവിഷൻ അംഗം പൊന്നമ്മ, കാമ്പ്രത്ത് ചള്ള ഡിവിഷൻ അംഗം ജാസ്മിൻ, പട്ടഞ്ചേരി ഡിവിഷനിലെ സുഗുണ എന്നിവരാണ് ബഡ്ജറ്റ് തിയതി അറിയിച്ചില്ലെന്നാരോപിച്ച് ഇറങ്ങിപോയത്.
ബഡ്ജറ്റിനെ സംബന്ധിച്ച് ഏഴാം തിയതി നടന്ന ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഇത് എല്ലാം അംഗങ്ങളെയും അറിയിച്ചിരുന്നു. കേവല രാഷ്ട്രീയം ലക്ഷ്യംവെച്ചിട്ടുള്ള തരംതാണ പ്രകടനമാണ് വാക്കൗട്ടിലൂടെ പ്രതിപക്ഷാംഗങ്ങൾ കാണിച്ചത്.
ശാരദതുളസീദാസ് പ്രസിഡന്റ്