പാലക്കാട്: സർഗാത്കമായ കഴിവുകളെ വളർത്തി കുറവുകളെ പരിഹരിക്കാനാവുമെന്ന് കലാപ്രകടനങ്ങളിലൂടെ തെളിയിച്ച് ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾ. ജന്മനാലുള്ള വൈകല്യങ്ങളെ മറികടന്ന് കഠിനമായ ശ്രമത്തിലൂടെ വികസിപ്പിച്ചെടുത്ത കഴിവുകൾ കൊണ്ട് വിസ്മയിപ്പിക്കുകയാണ് അവർ. സമഗ്രശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷി വിദ്യാർത്ഥികൾക്കും റിസോഴ്‌സ് അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി നടത്തിയ ജില്ലാതല സംഗമം സർഗം2020 വേദിയിലാണ് വിദ്യാർത്ഥികൾ കലാപ്രകടനങ്ങൾ നടത്തിയത്.
2000 നു ശേഷമുള്ള ഏത് വർഷവും തിയതിയും പറഞ്ഞാലും ദിവസം കൃത്യമായി പറയുന്ന കുമരപുരം ഹൈസ്‌കൂളിലെ ശ്രീജിത്ത്, സദസിന്റെ പൊതുവിഞ്ജാന ചോദ്യങ്ങൾക്ക് മറുപടി പറയുന്ന ഷൊർണൂർ ബി.ആർ.സി യിലെ സൂര്യനാരായണൻ, തിമില വിഭാഗത്തിൽ ദേശീയതലത്തിൽ സമ്മാനം നേടിയ ആലത്തൂർ ബി.ആർ.സിയിലെ ഗോകുൽ എന്നിവരെല്ലാം സർഗം വേദിയിലെ വ്യത്യസ്തമായ കാഴ്ചകളായിരുന്നു.
ജില്ലയിലെ 13 ബി.ആർ.സി കളിലായി 4000 ത്തിലധികം ഭിന്നശേഷി വിദ്യാർത്ഥികളാണ് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നത്. 193 അധ്യാപകരാണ് ഇവരെ പരിശീലിപ്പിക്കുന്നത്. ഈ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സംഗമം അസിസ്റ്റന്റ് കലക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരളം ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ എം. ജയരാജൻ അധ്യക്ഷനായി.
മോയൻ എൽ.പി.സ്‌കൂളിൽ നടന്ന പരിപാടിയിൽ പ്രദർശനസ്റ്റാളിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജം ജില്ലാ കോർഡിനേറ്റർ ടി.ജയപ്രകാശ്, സെമിനാർ ഉദ്ഘാടനം ഡയറ്റ് പ്രിൻസിപ്പൽ ഡോ. എ.രാജേന്ദ്രൻ എന്നിവർ നിർവഹിച്ചു. സമഗ്രശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസർ സി.മോഹൻദാസ്, ജില്ലാ പഞ്ചായത്തംഗം നിതിൻ കണിച്ചേരി, കെ.റിസ്വാന, എം.കെ.നൗഷാദലി, സുരേഷ്‌കുമാർ, പി.ഷംസുദ്ദീൻ, ശിവപ്രസാദ്, കെ.മണിയമ്മ, എം.പി.ബാലഗോപാലൻ എന്നിവർ പങ്കെടുത്തു.
ഭിന്നശേഷി വിഭാഗം വിദ്യാർഥികളും രക്ഷിതാക്കളും നിർമിച്ച ഉൽപന്നങ്ങളുടെ പ്രദർശനത്തിൽ നിന്ന്