പാലക്കാട്: മുസ്‌ലിംകളെ വിവേചിക്കുന്ന പൗരത്വഭേദഗതി നിയമം പിൻവലിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽസെക്രട്ടറി കെ.പി.എ.മജീദ്. പാലക്കാട് ജില്ലാ ഭരണഘടനാ സംരക്ഷണസമിതി സംഘടിപ്പിച്ച പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ രാഷ്ട്രത്തിന്റെ സ്വതന്ത്രത്തിൽ ഒരുകണികപോലും പങ്കുവഹിക്കാത്തവരും സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരുമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. ഗോഡ്‌സെയെ വരെ അവർ പുണ്യവാനാക്കുന്നു. ആർ.എസ്.എസ് അതിന്റെ നൂറാംവർഷത്തിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നാണ് പറയുന്നത്. അവരുടെ പരിപാടികളിൽ അത്തരത്തിലുള്ള പ്രതിജ്ഞയാണ് ചൊല്ലികൊടുക്കുന്നത്. ഇന്ത്യയുടെ ശത്രുക്കൾ മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണെന്നാണ് ഹിന്ദുത്വവാദികൾ പറയുന്നത്. ഗാന്ധിജിയുടെ സഹനസമരങ്ങളാണ് നമുക്ക് ഇപ്പോൾ ഊർജമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തിൽ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽസെക്രട്ടറി മരക്കാർ മാരായമംഗലം പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വി.കെ ശ്രീകണ്ഠൻ എം.പി, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം, സെക്രട്ടറി അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ, ജില്ലാ ട്രഷറർ പി.എ തങ്ങൾ, സീനിയർ വൈസ്പ്രസിഡന്റ് എം.എം ഹമീദ് തുടങ്ങിയവർ സംസാരിച്ചു.