പാലക്കാട്: സംസ്ഥാനത്തെ ഗോത്രമേഖലയിലെ ഏറ്റവും വലിയ മൂല്യവർദ്ധിത സംരംഭമായ അട്ടപ്പാടി ഹിൽ വാല്യു യൂണിറ്റ് സ്ത്രീ ശാക്തീകരണത്തിന് മികച്ച മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി പറഞ്ഞു. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹിൽ വാല്യൂ മൂല്യവർദ്ധന യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. അഗളി എ.എച്ച്.പ്ലാസയിൽ നടന്ന പരിപാടിയിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ അധ്യക്ഷയായി.

നിരവധി സ്ത്രീ മുന്നേറ്റങ്ങൾക്ക് അവസരം സൃഷ്ടിക്കുകയും സ്ത്രീകൾക്കിടയിൽ ദാരിദ്ര്യ ലഘൂകരണമെന്ന ആശയം ഉയർത്തിപ്പിടിക്കാൻ ഇത്തരം കുടുംബശ്രീ സംരംഭങ്ങൾക്ക് കഴിയുന്നു. പ്രതിസന്ധികളെ മറികടന്ന് ഭരണസംവിധാനത്തിൽ വരെ സ്ത്രീകൾക്ക് എത്താൻ കഴിഞ്ഞത് സാമൂഹികമായ വലിയ നേട്ടമാണെന്നും ലിംഗനീതി, ലിംഗസമത്വം എന്നിവ കേരളത്തിൽ ഉയർത്തിപ്പിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വയലൂർ ഊരു സമിതിയുടെ കീഴിലുള്ള രുശി കൊണ്ടാട്ട യൂണിറ്റിന്റെ മേൽനോട്ടത്തിലാണ് ഹിൽ വാല്യു മൂല്യവർദ്ധന യൂണിറ്റ് പ്രവർത്തിക്കുക. അട്ടപ്പാടിയിലെ പരമ്പരാഗത ചെറുധാന്യങ്ങളായ റാഗി, ചാമ, തിന വരഗ്, ചക്ക തുടങ്ങിയ പോഷകാഹാരങ്ങളുടെ മൂല്യവർദ്ധന യൂണിറ്റായ ഹിൽ വാല്യു സംസ്ഥാനത്തിനകത്തും പുറത്തും വിവിധ മേളകളിൽ 20 ലക്ഷത്തിലധികം രൂപയുടെ വിറ്റുവരവ് നടത്തിയതായി യൂണിറ്റംഗങ്ങൾ അറിയിച്ചു.

പൊന്നി, രംഗമ്മ, കവിത, രാജമ്മ, അനിത, പാപ്പ എന്നിവരാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്. മഹിളാ കിസാൻ സശാക്തീകരൺ പരിയോജന കോഡിനേറ്റർ സൈജു പത്മനാഭൻ പരിപാടിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് 'അയ്യപ്പനും കോശിയും' എന്ന ചലച്ചിത്രത്തിലൂടെ പ്രശസ്തയായ കുടുംബശ്രീ അംഗം നഞ്ചിയമ്മയെ ഹിൽവാല്യു സംരംഭകർ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലക്ഷ്മി ശ്രീകുമാർ, രത്തിന രാമമൂർത്തി, ജ്യോതി അനിൽകുമാർ, വാർഡ് അംഗം പരമേശ്വരൻ, പഞ്ചായത്ത് സമിതി അംഗങ്ങൾ, കുടുംബശ്രീ അട്ടപ്പാടി അസി. പ്രൊജക്ട് ഓഫീസർ പി. സെയ്തലവി, അട്ടപ്പാടി സ്‌പെഷ്യൽ പ്രൊജക്ട് മാനേജർ വി. സിന്ധു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഫോട്ടോ അട്ടപ്പാടി ഹിൽ വാല്യു യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി നിർവഹിക്കുന്നു