പാലക്കാട്: ശബരിമലയിൽ ദർശനംകഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച വാൻ നിർത്തിയിട്ട കണ്ടൈയ്‌നറിന് പിന്നിലിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. തിരുപ്പൂർ മേട്ടുപ്പാളയം മുനിയപ്പൻ കോവിൽ സ്ട്രീറ്റിലെ ആറുമുഖന്റെ മകൻ വടിവേൽ (41) ആണ് മരിച്ചത്. വടിവേലിന്റെ മകൻ ദിനേഷ് (12), സുഹൃത്ത് കുത്തനൂർ നെല്ലിക്കുന്ന് ശെൽവരാജിന്റെ മകൻ സനോജ് (35) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് 3.30ന് ഹൈവേയിൽ യാക്കരപ്പുഴപ്പാലത്തിന് സമീപമാണ് അപകടം.

ശബരിമലദർശനത്തിന് ശേഷം കുത്തനൂരിലെ ഒരു ബന്ധുവിന്റെ വീട്ടിലെത്തി തിരുപ്പൂരിലേക്ക് മടങ്ങുകയായിരുന്നു സംഘം. പാതയോരത്ത് നിർത്തിയിട്ടിരുന്ന കണ്ടൈയ്‌നറിന് പിന്നിലേക്ക് വാഹനം ഇടിച്ച് കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സനോജ് ഇരുന്നിരുന്ന വാഹനത്തിന്റെ ഇടതുവശം ഇടിയുടെ ആഘോതത്തിൽ പൂർണമായും തകർന്നു. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സനോജിനും, ദിനേഷിനും കൈകാലുകൾക്ക് പരിക്കുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.