ചിറ്റൂർ: കർഷകർക്കോ അവരുടെ ഗ്രൂപ്പുകൾക്കോ കുടുംബശ്രീ സ്വയംസഹായ സംഘങ്ങൾക്കോ കുറഞ്ഞ ചെലവിൽ നെല്ല് ഇനി വീട്ടിൽത്തന്നെ കുത്താം.
അതിനുള്ള നാനോ നെല്ല് കുത്ത് യന്ത്രം പരിചയപ്പെടുത്തുകയാണ് പെരുവമ്പ് കൃഷിഭവൻ. പനംകുറ്റി പാടശേഖര സമിതി സെക്രട്ടറിയായ രാജഗോപാലിന്റെ വീട്ടിലാണ് യന്ത്രം സ്ഥാപിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ പദ്ധതിയായ ചെറുകിട കൃഷിയിടങ്ങളുടെ യന്ത്രവത്കരണം ( എസ്.എം.എ.എം) എന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് യന്ത്രം സ്ഥാപിച്ചിരിക്കുന്നത്.
3എച്ച്.പി കപ്പാസിറ്റിയുള്ള മെഷീൻ പ്രവർത്തിപ്പിക്കാൻ ഒരു മിക്സി പ്രവർത്തിപ്പിക്കുന്ന വൈദ്യുതി മാത്രമേ വേണ്ടി വരുന്നുള്ളൂ.

ഒരു പാടശേഖരത്തിനോ കുടുംബശ്രീ യൂണിറ്റിനോ സഹകര സ്ഥാപനത്തിനോ ചെറുകിട സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമാണ് ഈ യന്ത്രമെന്ന് കൃഷി ഓഫീസർ അരുൺ പറയുന്നു.
കണ്ണൂർ കേന്ദ്രമായ മയ്യിൽ കർഷക ഉല്പാദക കമ്പനിയാണ് യന്ത്രം വിപണനം നടത്തുന്നത്. ഏകദേശം 40000 രൂപ വില വരുന്ന യന്ത്രത്തിന് സബ്സിഡി കുറച്ച് 18000 രൂപ മാത്രമാണ് കർഷകന് അടയ്‌ക്കേണ്ടതായി വന്നത്.
ശുദ്ധ ഭക്ഷണം സുരക്ഷിത ഭക്ഷണം എന്ന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആശയം പ്രാവർത്തികമാക്കി മാറ്റാൻ ഇത്തരം നാനോ യന്ത്രങ്ങൾ അത്യാവശ്യമാണ് കൃഷി അസിസ്റ്റന്റുമാരായ സജിതാ ബാനു, വിജയകുമാരി, ശ്രീനിവാസൻ എന്നിവർ പറഞ്ഞു.