കൊല്ലങ്കോട്: അലമ്പള്ളം കോസ് വേക്ക് പകരം ആധുനിക രീതിയിലുള്ള പാലം വരുന്നു. കെ.ബാബു എം.എൽ.എയുടെ ശുപാർശ പ്രകാരം കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത്.
2018 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലാണ് കൊല്ലങ്കോട് - വടവന്നൂർ പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഗായത്രി പുഴക്ക് കുറകെയുള്ള ആലമ്പള്ളം - നിലമ്പതി പാലം തകർന്നത്. കൊല്ലങ്കോട് നഗരത്തിൽ ഗതാഗത കുരുക്കുണ്ടായാൽ വാഹനങ്ങളെ വഴിതിരിച്ചുവിടുന്നത് കോവിലകം മൊക്ക് ആലമ്പള്ളം വഴിയാണ്. ചരക്ക് വാഹനം മുതൽ നിരവധി ചെറുവാഹനങ്ങൾ വരെ ഇതുവഴി സർവീസ് നടത്താറുണ്ട്.
ആവശ്യത്തിന് വീതിയും ഉയരവും കൂട്ടി ആധുനിക രീതിയിലാവും പുതിയ പാലം നിർമ്മിക്കുക. ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക് പ്രദേശത്ത് സർവേ നടപടികൾ പൂർത്തിയായതായി എം.എൽ.എ അറിയിച്ചു. എം.എൽ.എയെ കൂടാതെ കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ്, ഗംഗാധരൻ, അനന്തകൃഷ്ണൻ, എം.കെ.വിനോദ്, സി.ജി.പ്രവീൺ, ജെ.ബിനോദ്, ജിസ്‌ന, രമേഷ് എന്നീ ഉദ്യോഗസ്ഥർ സർവേ നടപടികൾക്ക് നേതൃത്വം നൽകി.