പാലക്കാട്: തൃശൂർ - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടി റെയിൽവേ ഗേറ്റിൽ മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ലക്കിടി ഗേറ്റിന് സമീപത്ത് നിന്നാരംഭിച്ച് ഭാരതപ്പുഴയ്ക്കപ്പുറം അവസാനിക്കുന്ന വിധത്തിൽ ഏഴര മീറ്റർ വീതിയിലായിരിക്കും പുതിയ പാലം നിർമ്മിക്കുന്നത്. റെയിൽ പാളത്തിന് മുകളിലൂടെയുള്ള പാലത്തിന്റെ നിർമ്മാണ അനുമതിക്കായി ദക്ഷിണ റെയിൽവേയെ സമീപിക്കാനും എം.എൽ.എമാരായ പി ഉണ്ണിയും യു.ആർ.പ്രദീപും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി. റെയിൽവേ നേരിട്ടായിരിക്കും ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക.

നിലവിലെ പാലത്തിന് കിഴക്കായിട്ടാണ് പുതിയപാലം നിർമ്മിക്കുക. ഇതിനായി കുറച്ച് സ്ഥലം ഏറ്റെടുക്കേണ്ടിവരും. എന്നാൽ, കൂടുതൽപേർക്ക് സ്ഥലം നഷ്ടമാകാത്ത വിധത്തിലായിരിക്കും പദ്ധതി. പൊതുമരാമത്ത് വകുപ്പിന് ഈ ഭാഗത്ത് സ്ഥലമുണ്ട്. നിലവിലെ പാലത്തിനേക്കാൾ അഞ്ചുമീറ്റർ കൂടി ഉയരം മേൽപ്പാലത്തിനുണ്ടാകും. നിർമ്മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധന, പദ്ധതി രേഖ തയ്യാറാക്കൽ, ഡിസൈൻ നിർമ്മിക്കൽ എന്നിവ നടക്കും. മണ്ണ് പരിശോധനയ്ക്ക് 15 ലക്ഷത്തിന്റെ പദ്ധതിരേഖ തയ്യാറാക്കും. ഇതിന് ശേഷം ഡിസൈൻ നിർമ്മിച്ച് പാലത്തിനായുള്ള പദ്ധതിരേഖ തയ്യാറാക്കി ചീഫ് എൻജിനീയർക്ക് സമർപ്പിക്കും. സ്ഥലം എം.പിമാരെ കൂടി ഉൾപ്പെടുത്തി അടുത്തഘട്ട യോഗം തിരുവനന്തപുരത്ത് മാർച്ചിൽ നടത്തുമെന്ന് പി.ഉണ്ണി എം.എൽ.എ അറിയിച്ചു.

20 കോടി രൂപയാണ് പാലത്തിനായി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും 40 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചർച്ചക്ക് ശേഷം ഇരു എം.എൽ.എമാരുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശിവരാമൻ, ജില്ലാ പഞ്ചായത്ത് അംഗം യു.രാജഗോപാൽ, ലക്കിടി പഞ്ചായത്ത് പ്രസിഡന്റ് ദീപ നാരായണൻ, പൊതുമരാമത്ത് പാലംവിഭാഗം ഷൊർണ്ണൂർ അസി എൻജിനീയർ എം.എൻ.വിജയൻ, റോഡ് വിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ബി.പ്രമോദ്, അസി. എൻജിനീയർ ആർ.രാജേഷ്, ജലസേചന വകുപ്പ് അസി എൻജിനീയർ എം വി ദിലീപ്,ടി ഷിബു എന്നിവർ പങ്കെടുത്തു.

ഫോട്ടോ... എം എൽ എമാരായ പി ഉണ്ണി,യു ആർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ലക്കിടി റെയിൽവേ ഗേറ്റ് പരിസരം സന്ദർശിച്ചപ്പോൾ