മണ്ണാർക്കാട്: നഗരത്തിലെ ജലവിതരണ പൈപ്പ് പൊട്ടലുകൾക്ക് ഒടുവിൽ പരിഹാരമാകുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനുകളിലേക്ക് കണക്ഷൻ നൽകുന്ന പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഈ പ്രവർത്തി പൂർത്തിയാകുന്നതോടെ പഴയ പൈപ്പിലൂടെയുള്ള ജലവിതരണം നിറുത്തലാകും. പഴയ പൈപ്പ് ലൈനുകൾ ദ്രവിച്ചതുമൂലമാണ് പൊട്ടലുകൾ ഉണ്ടായത്. കോടതിപ്പടി മുതൽ പൊലീസ് സ്റ്റേഷൻവരെയുള്ള ഒരു കിലോമീറ്റർ പരിധിയിൽ മാത്രം ഏഴ് ഇടങ്ങളിലായാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുകയും റോഡ് തകരുകയും ചെയ്തിരുന്നത്. ഈ ദുരവസ്ഥ കഴിഞ്ഞ ഫെബ്രുവരി രണ്ടിന് റിപ്പോർട്ട് ചെയ്തിരുന്നു.
ശേഷം വോയ്‌സ് ഒഫ് മണ്ണാർക്കാട് പോലുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് വാട്ടർ അതോറിട്ടി നടപടികൾക്ക് വേഗം കൂട്ടിയത്. പ്രവർത്തനങ്ങൾ പൂർത്തിയാകാൻ രണ്ടാഴ്ചയോളം സമയമെടുത്തേക്കും എന്നും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ അറിയിച്ചു.
ശുദ്ധജല വിതരണം മുടങ്ങും
ദേശീയ പാതയിൽ മണ്ണാർക്കാട് നഗരപ്രദേശത്ത് വാട്ടർ അതോറിട്ടി പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനുകളും ശാഖകളും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ മണ്ണാർക്കാട്, തെങ്കര പ്രദേശങ്ങളിൽ ഇന്ന് മുതൽ 29 വരെ ജലവിതരണം തടസപ്പെടുമെന്ന് അസി.എൻജിനീയർ അറിയിച്ചു.