ഒറ്റപ്പാലം: ലക്കിടി - തിരുവില്വാമല റോഡിലും കണ്ണിയംപുറം പനമണ്ണ റോഡിലും സ്വകാര്യ ബസുകൾ നടത്തിയ സൂചനാപണിമുടക്ക് പൂർണം. റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ രണ്ടുപാതയിലും 25 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനമെന്ന് ബസ് ഉടമകളും തൊഴിലാളികളും അറിയിച്ചു.
ബസ് സമരം വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നവരെയും ബസ് സമരം സാരമായി ബാധിച്ചു. ലക്കിടി കൂട്ടുപാത മുതൽ ഗെയിറ്ര് വരെ ഒരു വർഷത്തിലേറെയായി റോഡ് തകർന്ന് കിടക്കുന്നതിൽ പ്രതിക്ഷേധിച്ചായിരുന്നു സമരം നടന്നത്. ഒരു കിലോമീറ്ററോളം ദൂരം റോഡ് റബറൈസ് ചെയ്തിട്ടുണ്ടെങ്കിലും ബാക്കി ദൂരം തകർന്ന് തരിപ്പണമായി കിടക്കുകയാണ്. ഇതിലൂടെയുള്ള സഞ്ചാരം സമയനഷ്ടവും വാഹനങ്ങൾക്ക് കേടുപാടുണ്ടാകുന്നതിന് കാരണമാകുന്നുവെന്നുമാണ് ബസുടമകൾ പറയുന്നത്. സമാനമായ അവസ്ഥയാണ് കണ്ണിയംപുറം - പനമണ്ണ റോഡിലുമുള്ളത്. റോഡ് ശരിയാക്കാൻ കളക്ടർ നിർദേശം നൽകിയിരുന്നെങ്കിലും ഇതുവരെ നന്നാക്കിയിട്ടില്ല. വീണ്ടും കളക്ടറെ സമീപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. എന്നിട്ടും അനുകൂല നടപടിയുണ്ടായില്ലെങ്കിൽ 25 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്നും അവർ അറിയിച്ചു.