ശ്രീകൃഷ്ണപുരം: കുടുംബാംഗങ്ങളോടൊത്ത് നാട്ടിലെ പൂരം ആഘോഷിക്കാൻ ബാംഗ്ലൂരിലെ ജോലി സ്ഥലത്ത് നിന്ന് അവധിയെടുത്ത് മംഗലാംകുന്നിലേക്കുള്ള യാത്ര ശിവകുമാറിന് (35) അന്ത്യയാത്രയായി. പുളിഞ്ചിറ ഉദയ നിവാസിൽ ഉണ്ണികൃഷ്ണപ്പണിക്കർ- സത്യഭാമ ദമ്പതികളുടെ മകനാണ്.
എല്ലാ വർഷവും വീടിനടുത്തുള്ള പരിയാനമ്പറ്റ ക്ഷേത്രത്തിലെ പൂരം ആഘോഷിക്കാൻ ശിവകുമാർ അവധിയെടുത്ത് എത്തുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ബാംഗ്ലൂരിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അദ്ദേഹം ബുധനാഴ്ച രാത്രിയാണ് ബാംഗ്ലൂർ- എറണാകുളം കെ.എസ്.ആർ.ടി.സി ബസിൽ കയറിയത്.
രാവിലെ എഴോടെ വീട്ടിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. പക്ഷേ, രാവിലെ വീട്ടുകാരറിഞ്ഞത് അപ്രതീക്ഷിതമായ ദുരന്ത വാർത്തയായിരുന്നു. മരണവിവരം അറിഞ്ഞ കുടുംബാങ്ങളുടെയും നാട്ടുകാരുടെയും ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല. ഭാര്യ: ശ്രുതി. സഹോദരങ്ങൾ: ഉദയകുമാർ, കൃഷ്ണപ്രസാദ്.