പാലക്കാട്: നഴ്സായ മരുമകൾക്ക് വിദേശത്തേക്ക് പോകുവാനുള്ള പരീക്ഷയെഴുതാൻ കൂട്ടുപോയ റോസ്‌ലിൻ ഇനി കണ്ണീരോർമ്മയാണെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനാകാതെ പകച്ചു നിൽക്കുകയാണ് വീട്ടുകാരും നാട്ടുകാരും.
പാലക്കാട് ചന്ദ്രനഗർ ശാന്തി കോളനി നയങ്കര വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യയായ റോസ്‌ലിൻ (61) മരുമകൾ സോന സണ്ണിയ്ക്കും (29)കൊച്ചു മകൻ അലനുമൊപ്പം തിങ്കളാഴ്ച വൈകിട്ടാണ് ബംഗളുരുവിലേക്ക് പോയത്. ബുധനാഴ്ചയായിരുന്നു പരീക്ഷ. പരീക്ഷ കഴിഞ്ഞ് സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങവേയാണ് നിനച്ചിരിക്കാതെ ഉണ്ടായ അപകടം റോസ്‌ലിന്റെ ജീവനെടുത്തത്. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ സോനയെ തിരുപ്പൂരിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പാലക്കാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സോനയുടെ മകൻ ആറുവയസുകാരൻ അലൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
സോനയുടെ ഭർത്താവ് സണ്ണി 11 വർഷമായി ഗൾഫിലാണ്. റോസ്‌ലിൻ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ നേഴ്സായ സോനയ്ക്കും യു.കെ.ജി വിദ്യാർത്ഥിയുമായ അലനുമൊപ്പം അഞ്ചേരി മരിയാപുരത്തുള്ള വാടക വീട്ടിലായിരുന്നു താമസം. റോസ്‌ലിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ കുടുംബവീടായ ചന്ദ്രനഗറിലെ നയങ്കര വീട്ടിൽ കൊണ്ടുവന്നു. സണ്ണിയുടെ സഹോദരൻ സിംസണാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. അലനെ നേരത്തേ തന്നെ നയങ്കര വീട്ടിൽ ബന്ധുക്കൾ കൊണ്ടുവന്നിരുന്നു. അച്ഛമ്മയുടെ മൃതദേഹം കൊണ്ടുവരുന്നതിന് മുമ്പുവരെ ഒന്നുമറിയാതെ മുറ്റത്ത് കളിക്കുകയും ഇടയ്ക്ക് റോസ്‌ലിനെയെയും സോനയെയും അന്വേഷിക്കുകയും ചെയ്ത അലൻ സത്യം മനസിലാക്കി വിങ്ങിപ്പൊട്ടിയപ്പോൾ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും കുഴങ്ങി.
ആശുപത്രിയിൽ കഴിയുന്ന സോന സംസാരിക്കുന്നുണ്ടെങ്കിലും അപകടത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തയായിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഷിൻസിയാണ് റോസ്‌ലിന്റെ മകൾ.