inogration
സംഘാടക സമിതി യോഗം ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി ഉദ്ഘാടനം ചെയ്യുന്നു.

വടക്കഞ്ചേരി: ജില്ലയിലെ നെൽകർഷകർക്ക് പ്രതീക്ഷയേകി കണ്ണമ്പ്രയിൽ ആധുനിക റൈസ് മിൽ യാഥാർത്ഥ്യമാകുന്നു. മില്ലിന്റെ ശിലാസ്ഥാപനം മാർച്ച് 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്ത് ആദ്യമായാണ് സഹകരണ മേഖലയിൽ മോഡേൺ റൈസ് മിൽ ആരംഭിക്കുന്നത്.

സംഘാടക സമിതി യോഗം ബ്ലോക്ക് പ്രസിഡന്റ് സി.കെ.ചാമുണ്ണി ഉദ്ഘാടനം ചെയ്തു. പാപ്‌കോസ് പ്രസിഡന്റ് എം.നാരായനുണ്ണി അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് രജിസ്ട്രാർ ജനറൽ അനിത ടി.ബാലൻ, ഉദയഭാനു, ഡി.റെജിമോൻ, കെ.ബാലൻ സംസാരിച്ചു. സി.കെ.ചാമുണ്ണിയെ ചെയർമാനായും ആർ.സുരേന്ദ്രനെ കൺവീനറായും തിരഞ്ഞെടുത്തു.

ജില്ലയിലെ സഹകരണ സംഘടനങ്ങളുടെ കൂട്ടായ്മയായ പാപ്കോസിന്റെ നേതൃത്വത്തിലാണ് റൈസ് മില്ല് ആരംഭിക്കുന്നത്. ഇതിനായി കണ്ണമ്പ്ര ഒന്നാം വില്ലേജിലെ മാങ്ങോട്ടിൽ 27.66 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. രണ്ടുഘട്ടങ്ങളിലായി 180 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിക്കുക. ആദ്യഘട്ടത്തിൽ 80 കോടി രൂപ ചെലവിൽ നെല്ല് അരിയാക്കുന്ന പ്രവൃത്തി നടത്തും. രണ്ടാംഘട്ടത്തിൽ 100 കോടി രൂപ ചെലവിൽ അരിയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ വിപണിയിലിറക്കുക.

ഈ വർഷം അവസാനത്തോടെ ഒന്നാംഘട്ടം പൂർത്തിയാക്കാനാണ് ശ്രമം. കർഷകരിൽ നിന്ന് നെല്ല് ശേഖരിച്ച് അരിയാക്കി വിപണനം നടത്തുകയാണ് പ്രധാന ലക്ഷ്യം.