avinashi-accident

ചിന്നിച്ചിതറി ശരീര ഭാഗങ്ങൾ

അവിനാശി: ആറ് വരി ദേശീയപാതയിൽ അവിനാശി മേൽപ്പാലം കഴിഞ്ഞ് 500 മീറ്റർ അകലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പ്രദേശത്ത് വീടുകളോ വ്യാപാര സ്ഥാപനങ്ങളോ ഇല്ലാത്തതിനാലും അപകടം പുലർച്ചെയായിരുന്നതിനാലും രക്ഷാപ്രവർത്തനം തുടങ്ങാൻ വൈകി. അതുവഴി കടന്നുപോയ വാഹനങ്ങളിലെ യാത്രക്കാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

ചില്ലുകൾ തകർത്ത് ബസിലുള്ള പരിക്കേറ്റവരെ പുറത്തെടുത്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അവിനാശിയിലും തിരുപ്പൂരിലും നിന്നെത്തിയ അഗ്നിശമന സേന ബസ് വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ അവിനാശിയിലെയും തിരുപ്പൂരിലേയും സർക്കാർ- സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മരിച്ച ഡ്രൈവറുടെയും തൊട്ടുപുറകിലുണ്ടായിരുന്ന സ്ത്രീ യാത്രക്കാരുടെയും ശരീരഭാഗങ്ങൾ ബസിലും റോഡിലും ചിന്നിച്ചിതറിക്കിടക്കുകയായിരുന്നു. ബസിന്റെ വലതുവശം പകുതിയോളം തകർന്നതിനാൽ ഇവിടെ ഇരുന്നിരുന്നവരിൽ മിക്കവരും അപകട സ്ഥലത്തുവച്ച് തന്നെ മരിച്ചതായി തിരിപ്പൂർ സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ എം.ജഗന്നാഥൻ പറഞ്ഞു.

എട്ട് മണിക്കൂറിന് ശേഷം

ലോറി ഡ്രൈവർ കീഴടങ്ങി

സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ഹേമരാജ് എട്ട് മണിക്കൂറിന് ശേഷം കീഴടങ്ങി. പെട്ടെന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. പുലർച്ചെയായതിനാൽ ഡ്രൈവർ ഉറങ്ങിപ്പോകാനുള്ള സാദ്ധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

ആശുപത്രിയിലേക്ക്

24 കിലോമീറ്റർ

അപകടത്തിൽ പരിക്കേറ്റവരെ കോയമ്പത്തൂർ, അവിനാശി, തിരിപ്പൂർ എന്നിവിടങ്ങളിലെ സർക്കാർ- സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏറ്റവും അടുത്തുള്ള അവിനാശിയിലെ മൂന്ന് ആശുപത്രികളിലേക്കും 24 കിലോമീറ്റർ ദൂരമുണ്ട്. ഇവിടെ നിന്നും 13 കിലോ മീറ്റർ മാറിയാണ് തിരിപ്പൂർ ഗവ.ആശുപത്രി.നാട്ടുകാരുടെയും തിരിപ്പൂർ മലയാളം സമാജം പ്രവർത്തകരുടെയും അവസരോചിത ഇടപെടലാണ് തുടർ നടപടികൾ വേഗത്തിലാക്കിയത്. വിവിധ സ്ഥലങ്ങളിൽ നിന്ന് 16ഓളം ചെറുതും വലുതുമായ ആംബുലൻസുകളിലാണ് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയത്.

നടപടി ഊർജ്ജിതമാക്കി

സർക്കാരുകൾ

അപകട വിവരമറിഞ്ഞയുടനെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. പാലക്കാട് ജില്ലാ കളക്ടർ ഡി.ബാലമുരളി,​ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം എന്നിവർക്കായിരുന്നു ഏകോപന ചുമതല. തമിഴ്നാട് സ‌ർക്കാരുമായി തുടർ നടപടികൾ ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കി.

മന്ത്രി വി.എസ്.സുനിൽകുമാർ,​ എം.പിമാരായ വി.കെ.ശ്രീകണ്ഠൻ,​ രമ്യ ഹരിദാസ്,​ ഷാഫി പറമ്പിൽ എം.എൽ.എ തുടങ്ങിയവർ തിരിപ്പൂരിലെത്തി നടപടി ക്രമങ്ങൾ വേഗത്തിലാക്കി. രാവിലെ ഏഴരയോടെ മൃതദേഹങ്ങൾ ഒരേ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള സംവിധാനമൊരുക്കി. ഇതിന്റെ ഭാഗമായി അവിനാശി സർക്കാർ ആശുപത്രിയിലുണ്ടായിരുന്ന മൃതദേഹങ്ങൾ തിരിപ്പൂർ ജനറൽ ആശുപത്രിയിലേക്കി മാറ്റുകയായിരുന്നു. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പോസ്റ്റ്മോർട്ടം നടപടികൾ നടത്തി വൈകിട്ടോടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി സ്വീകരിച്ചു.