avinashi-accident

ലോറി ഡ്രൈവറുടേത് ഗുരുതര വീഴ്‌ചയെന്ന് അധികൃതർ

അവിനാശി: ബംഗളൂരു നിന്ന് രാത്രി ഒമ്പതോടെ യാത്ര തിരിക്കുമ്പോൾ അവർക്കറിയില്ലായിരുന്നു ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന്. നാളെയുടെ നല്ല പ്രതീക്ഷകളുമായി ഉറങ്ങാൻ കിടന്ന 19 പേരെയും ദേശീയപാതയിൽ മരണം കാത്തിരുന്നത് ഒരു കണ്ടെയ്നർ ലോറിയുടെ രൂപത്തിലായിരുന്നു. എതിരെ വന്ന ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് 19 പേരുടെ ജീവനെടുത്ത ബസ് ദുരന്തത്തിൽ വില്ലനായത്.

ബസിലെ ഡ്രൈവറും കണ്ടക്ടറും വളരെ ഹൃദ്യമായി പെരുമാറ്റമാറിയിരുന്നെന്ന് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നു. സൗമ്യമായി ചിരിയോടെ മാത്രം കണ്ടിരുന്ന ഇരുവരും ഇനിയില്ലെന്ന യാഥാർത്ഥ്യം യാത്രക്കാർക്കും സഹപ്രവർത്തകർക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.

ആറുവരിപ്പാതയിൽ വീതിയേറിയ ഡിവൈഡറിൽ കയറി 50 മീറ്ററിലേറെ ദൂരം സഞ്ചരിച്ചിട്ടും ലോറി ഡ്രൈവർ വാഹനം നിയന്ത്രിച്ച് നിറുത്തിയില്ലെന്നതാണ് വലിയ അശ്രദ്ധ. പിന്നിൽ മാത്രം 12 ടയറുകളുള്ള കണ്ടെയ്നർ ലോറിയിൽ ഒരു ടയർ പൊട്ടിയാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവില്ലെന്നാണ് അധികൃതർ പറയുന്നത്. ഡ്രൈവർ ഉറങ്ങിയതും അമിതഭാരവുമാണ് അപകട കാരണം. കൂടാതെ ലോറിയുടെ പ്ലാറ്റ്ഫോമുമായി കണ്ടെയ്നറിനെ കൃത്യമായി ഘടിപ്പിച്ചിട്ടില്ലെന്നതും പൊലീസ് കണ്ടെത്തി. ഇതാണ് 25 ടണ്ണിലധികം ഭാരമുള്ള കണ്ടെയ്നർ മാത്രം റോഡിലേക്ക് പതിക്കാൻ കാരണം. കണ്ടെയ്നറുമായി ഘടിപ്പിച്ചിരുന്നെങ്കിൽ ഡ്രൈവർ ക്യാബിനും റോഡിലേക്ക് മറിയുമായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. എറണാകുളത്ത് നിന്ന് സേലം വരെ പോയ ലോറിയിൽ ഡ്രൈവറുടെ കൂടെ സഹായത്തിനായി ആരും ഉണ്ടായിരുന്നില്ല.

എറണാകുളത്തു നിന്ന് സേലത്തേക്ക് പോകുകയായിരുന്നു ലോറി എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, വാഹനത്തിൽ നിന്ന് ലഭിച്ച ബില്ലുകൾ തൂത്തുക്കുടിയിലേക്കുള്ളതാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് ലോറി രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ മറ്റ് സാങ്കേതിക തകരാറുകൾ സംഭവിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് വാഹന രംഗത്തെ വിദഗ്ധരും പറയുന്നു.

വീതിയേറിയ ഡിവൈഡർ മറികടന്ന് ഒരു വാഹനം എതിർ ദിശയിലെ ട്രാക്കിലേക്ക് വരാനുള്ള സാദ്ധ്യത ബസ് ഡ്രൈവർ പ്രതീക്ഷിക്കില്ല. അപ്രതീക്ഷിതമായി വന്ന കണ്ടെയ്‌നറിനെ വെട്ടിക്കുകയെന്നതും അസാദ്ധ്യമാണ്.