കഴിഞ്ഞയാഴ്ചയാണ് തൃശൂർ കൊരട്ടിയിൽ താമസിക്കുന്ന ഹോട്ടൽ തൊഴിലാളിയായ മാരിയപ്പൻ (25) ക്ഷേത്ര ദർശനത്തിനായി ബംഗളൂരുവിലെ സഹോദരിയുടെ വീട്ടിലേക്ക് പോയത്. ചാലക്കുടിയിൽ പുതിയ ഹോട്ടൽ ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്നലെ ജോലിയിൽ പ്രവേശിക്കാൻ വരുന്നതിനിടെയാണ് അപകടം.
ഡ്രൈവറുടെ പുറകിലെ നിരയിൽ 38-ാം നമ്പർ സീറ്റിലായിരുന്നു ഇരുന്നത്. ഏറെ പുറകെയായതിനാലാണ് അപകടത്തിൽ ജീവൻ നഷ്ടമാകാതിരുന്നത്. തലയ്ക്ക് തുന്നിക്കെട്ടലുണ്ട്. കാലിൽ കമ്പി തുളച്ചുകയറി. അവിനാശിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് മാരിയപ്പൻ.
ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നു. മണിക്കൂറുകൾക്ക് മുമ്പ് മുന്നിലിരുന്നവരിൽ പലരും കൺമുന്നിൽ ചിന്നിച്ചിതറി മരിച്ചുകിടക്കുന്നു. ഹൃദയമിടിപ്പ് നിലച്ച നിമിഷമായിരുന്നു അത്. യാതൊന്നും തിരിച്ചറിയാത്ത അവസ്ഥ. ഒന്ന് ഒച്ചവയ്ക്കാൻ പോലുമാകാതെ തരിച്ചുപോയി. പിന്നീട് ആരെല്ലാമോ ചേർന്ന് ബസിന് പുറത്തെത്തിച്ച് തന്നെയും മറ്റ് നാലുപേരെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ജീവൻ തിരിച്ചുകിട്ടിയത് ദൈവത്തിന്റെ കൃപ കൊണ്ടാണെന്നും മാരിയപ്പൻ പറയുന്നു.
തൊട്ടടുത്ത് 37-ാം നമ്പർ സീറ്റിലിരുന്ന തൃശൂർ സ്വദേശി ഇഗ്നേഷ്യസ് തോമസ് (19) പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ബംഗളൂരുവിൽ എൻജിനിയറിംഗിന് പഠിക്കുന്ന ഇഗ്നേഷ്യസ് ശിവരാത്രി അവധിയായതിനാൽ നാട്ടിൽ അമ്മയെയും അമ്മൂമ്മയെയും കാണാനാണ് നാട്ടിലേക്ക് തിരിച്ചത്. അപകടത്തിൽ തലയ്ക്കും മുഖത്തും മുതുകിന് പുറകിലുമാണ് പരിക്ക്.