avinashi-accedent
avinashi accedent

മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് ഇന്ന്

പാലക്കാട്: അവിനാശി അപകടത്തിന് കാരണം കണ്ടെയ്നർലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ സ്ഥിരീകരണം. പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ തയ്യാറാക്കിയ വിശദ റിപ്പോർട്ട് ഇന്ന് ഗതാഗത കമ്മിഷണർക്ക് കൈമാറും. കഴിഞ്ഞ ദിവസം സംഭവ സ്ഥലം പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

അവിനാശി മേൽപ്പാലം കഴിഞ്ഞുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി 60 മീറ്ററോളം ഡിവൈഡറിൽ ഉരസിയതിന്റെ തെളിവുണ്ട്. തുടർന്ന് ചൂടായ പിറകിലെ ആക്സിലിന്റെ വലതു ഭാഗത്തെ രണ്ട് ടയറുകൾ പൊട്ടി വേർപെട്ടു. ശേഷം കുറച്ച് ദൂരം വീൽ ഡിസ്ക് മാത്രമായും വാഹനം ഓടി. ഈ സമയമാണ് ഡിവൈഡർ മറികടന്ന് കണ്ടെയ്നർ അടുത്ത ട്രാക്കിലേക്ക് മറിഞ്ഞതെന്ന് ഗ്രാഫിക് സഹിതം വിവരിക്കുന്നതാണ് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്.

ലോറി ഡ്രൈവർ റിമാൻഡിൽ

പൊലീസിൽ കീഴടങ്ങിയ ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ഹേമരാജിനെ തിരുപ്പൂർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. അടുത്ത ദിവസം തന്നെ പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. താൻ ഒറ്റയ്ക്കാണ് വാഹനമോടിച്ചതെന്നും കൂടെ ആരുമില്ലായിരുന്നെന്നുമാണ് ഹേമരാജിന്റെ മൊഴി. പക്ഷേ, പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. വാഹനവുടമയുടെ മൊഴിയും രേഖപ്പെടുത്തും.

കേസ് മനഃപൂർവമല്ലാത്ത

നരഹത്യയ്ക്ക്

മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ എന്നിവയ്ക്ക് ഐ.പി.സി 279, 304 (എ) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഡ്രൈവർ ഹേമരാജിനെതിരെ തിരിപ്പൂർ തിരുമുരുകൻപൂണ്ടി പൊലീസ് കേസെടുത്തത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് രണ്ടുവർഷം വരെ ശിക്ഷയും പിഴയും ലഭിക്കാം. 279 പ്രകാരം റാഷ് ഡ്രൈവിംഗിന് ആറുമാസം വരെ തടവോ 10,​000 വരെ രൂപ പിഴയോ രണ്ടുമോ കിട്ടാം.